പലിശനിരക്കിൽ മാറ്റമില്ല
Friday, December 6, 2024 11:25 PM IST
മുംബൈ: അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. തുടർച്ചയായ 11-ാം തവണയാണു ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തുന്നത്.
അതേസമയം, എല്ലാ ബാങ്കുകളുടെയും കരുതൽ ധന അനുപാതം (സിആർആർ) 4.5 ശതമാനത്തിൽനിന്ന് നാലു ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ, ബാങ്കുകൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാൻ അധികമായി 1.16 ലക്ഷം കോടി രൂപ ലഭിക്കും.
ബാങ്കിന്റെ മൊത്തം ഡെപ്പോസിറ്റിന്റെ നാലു ശതമാനമാണ് ഇത്തരത്തിൽ റിസർവ് ബാങ്കിൽ കരുതൽ ശേഖരമായി സൂക്ഷിക്കേണ്ടത്. ഘട്ടംഘട്ടമായി 50 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. ഈ മാസം 14, 28 തീയതികളിലായിരിക്കും ഇവ പ്രാബല്യത്തിൽ വരുക.
എന്താണ് കരുതൽ ധന അനുപാതം?
നോട്ടിന്റെ രൂപത്തിൽ റിസർവ് ബാങ്കിൽ ഒരു ബാങ്ക് നിർബന്ധമായി സൂക്ഷിക്കേണ്ട കരുതൽ ശേഖരത്തിന്റെ നിരക്കാണിത്. ബാങ്കുകളിൽ ആവശ്യത്തിന് പണമുണ്ടെന്ന് ഉറപ്പുവരുത്താനും സാന്പത്തിക സ്ഥിരത നിലനിർത്താനുമാണ് ഒരു വിഹിതം ആർബിഐയിൽ സൂക്ഷിക്കുന്നത്. സന്പദ്വ്യവസ്ഥയിൽ അധിക പണമുണ്ടെങ്കിൽ, സിആർആർ വർധിപ്പിച്ച് പണചംക്രമണം നിയന്ത്രിക്ക ും. അതേസമയം, പണത്തിന് ക്ഷാമം ഉണ്ടാകുന്പോൾ, സിആർആർ കുറയ്ക്കുന്പോൾ ബാങ്കുകളിലേക്ക് കൂടുതൽ പണം എത്തുകയും അതുവഴി കൂടുതൽ വായ്പ നൽകാനുള്ള അവസരമൊരുങ്ങുകയും ചെയ്യും.
റിപ്പോയിൽ മാറ്റമില്ല
ഭക്ഷ്യവിലപ്പെരുപ്പം കൂടിയ സാഹചര്യത്തിലും ഇന്ത്യയുടെ ജിഡിപി വളർച്ച ഇക്കുറി സെപ്റ്റംബർ പാദത്തിൽ രണ്ടുവർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്കു കൂപ്പുകുത്തിയ സാഹചര്യത്തിലും, പലിശനിരക്ക് കുറക്കേണ്ട് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും പറഞ്ഞിരുന്നു. ഇതോടെ പലിശനിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാൽ റീപ്പോനിരക്ക് 6.5 ശതമാനത്തിൽ തന്നെ നിലനിർത്താൻ എംപിസി തീരുമാനമെടുക്കുകയായായിരുന്നു. 2023 ഫെബ്രുവരിയിലാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തിയത്. അതിനുശേഷം റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. 2022 മേയ് മുതൽ 250 ബേസിസ് പോയിന്റുകളുടെ തുടർച്ചയായ ആറ് നിരക്ക് വർധനകൾക്കുശേഷമാണ് റിപ്പോ നിരക്ക് വർധനവ് നിർത്തിയത്.
എംപിസിയുടെ അടുത്ത യോഗം ഫെബ്രുവരിയിലാണ്. ആറംഗ എംപിസിയിൽ 4:2ന്റെ ഭൂരിപക്ഷത്തോടെ പലിശനിരക്ക് കുറയ്ക്കില്ലെന്ന നിലപാട് എടു ക്കുകയായിരുന്നു.
റിസർവ് ബാങ്കിന്റെ നിലപാട് ‘ന്യൂട്രൽ’ ആയി നിലനിർത്താൻ ആറുപേരും വോട്ടിട്ടു. സന്പദ്വളർച്ചയ്ക്കു പിന്തുണയേകുന്നതിനൊപ്പം പണപ്പെരുപ്പം പിടിച്ചുനിർത്തി രാജ്യത്തു വിലക്കയറ്റത്തോത് നിയന്ത്രിക്കുകയെന്ന റിസർവ് ബാങ്ക് നയപ്രകാരമാണ് ഇക്കുറിയും എംപിസി പണനയം തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്ക് എന്നിവയിലും മാറ്റം വരുത്തിയിട്ടില്ലെന്ന് ആർബിഐ ഗവർണർ വ്യക്തമാക്കി. എസ്ഡിഎഫ് നിരക്ക് 6.25 ശതമാനവും എംഎസ്എഫ് നിരക്ക് 6.75 ശതമാനവുമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പ സാധ്യത
നീണ്ടുനിൽക്കുന്ന ഭക്ഷ്യവില സമ്മർദങ്ങൾ മൂന്നാം പാദത്തിലും പണപ്പെരുപ്പം ഉയർത്താൻ സാധ്യതയുണ്ട്. എന്നാൽ നല്ല റാബി സീസണ് ഭക്ഷ്യ വിലക്കയറ്റം ഉണ്ടാകുന്നതിനുള്ള സമ്മർദം കുറയ്ക്കുമെന്ന് ആർബിഐ ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. ഖാരിഫ് ഉത്പന്നത്തിലെ റിക്കാർഡ് വർധനവ് അരിയുടെയും തുവരപ്പരിപ്പിന്റെയും വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ആശ്വാസകരമായെന്നും അദ്ദേഹം പറഞ്ഞു.