സമുദ്രമേഖലയിലെ വികസനപദ്ധതികള്‍: ധാരണാപത്രം ഒപ്പുവച്ച് കെഎസ്സിഎഡിസിയും സിഎംഎഫ്ആര്‍ഐയും
Monday, December 9, 2024 11:57 PM IST
കൊച്ചി: തീരദേശ അടിസ്ഥാനസൗകര്യമുള്‍പ്പെടെയുള്ള സമുദ്രമേഖലയിലെ വികസനപദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാനൊരുങ്ങി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ).
ഫിഷറീസ് വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന തീരദേശ മേഖലാ വികസന കോര്‍പറേഷനുമായി (കെഎസ്സിഎഡിസി) ഇതുസംബന്ധിച്ചു ധാരണയായി. കെഎസ്സിഎഡിസി സമുദ്രമേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിന് സിഎംഎഫ്ആര്‍ഐ സാങ്കേതിക പിന്തുണ നല്‍കും.
സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജും കെഎസ്സിഎഡിസി മാനേജിംഗ് ഡയറക്ടര്‍ പി.ഐ. ഷെയ്ഖ് പരീതും ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു.
ഹാച്ചറികള്‍, സമുദ്ര അക്വേറിയങ്ങള്‍, മറൈന്‍ പാര്‍ക്കുകള്‍, കടലിലെ മത്സ്യകൃഷി കൂടുകള്‍, കൃത്രിമ പാരുകള്‍ (ആര്‍ട്ടിഫിഷല്‍ റീഫ്) തുടങ്ങിയ പദ്ധതികളുടെ ആസൂത്രണം, രൂപകല്പന, നിര്‍മാണം എന്നിവയില്‍ സംയുക്ത സഹകരണമാണു ലക്ഷ്യമിടുന്നത്.
മത്സ്യബന്ധനരംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സമുദ്രസമ്പത്തിന്റെ ഫലപ്രദമായ വിനിയോഗം, സമുദ്ര ജൈവവൈവിധ്യ സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥകളുടെ സംരക്ഷണവും പുനഃസ്ഥാപനവും പ്രോത്സാഹിപ്പിക്കല്‍, കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തല്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണു സഹകരണം.
മേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ സമുദ്രപരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാതെയും ജൈവവൈവിധ്യ സംരക്ഷണം ഉറപ്പാക്കിയും രൂപകല്പന ചെയ്യാന്‍ സിഎംഎഫ്ആര്‍ഐയുടെ ശാസ്ത്രീയ അറിവുകള്‍ നിര്‍ണായകമാകുമെന്ന് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.