അമേസ് അമേസിംഗ്
Friday, December 6, 2024 11:25 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
മാരുതി സുസുക്കി നാലാം തലമുറ ഡിസയർ അവതരിപ്പിച്ച് ചൂടാറുമുന്പ് ഡിസയറിന് ചെക്ക് വച്ചുകൊണ്ട് ഹോണ്ട പുതിയ അമേസ് അവതരിപ്പിച്ചിരിക്കുകയാണ്.
കോംപാക്ട് സെഡാന്റെ മൂന്നാം തലമുറ അവതാരമാണ് പുതുക്കിയ ഡിസൈനും പുതിയ ഫീച്ചറുകളുമുള്ള പുതിയ അമേസ്. കോംപാക്റ്റ് സെഡാൻ വിഭാഗത്തിൽ മാരുതി ഡിസയർ, ഹ്യുണ്ടായ് ഒൗറ, ടാറ്റ ടിഗോർ തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്ന അമേസിനെ മുൻനിർത്തി വിപണി വിഹിതവും വിൽപ്പന എണ്ണവും ഉയർത്താനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.
സുരക്ഷാ ഫീച്ചർ
സുരക്ഷയ്ക്ക് വലിയ പ്രധാന്യം നൽകിയാണ് അമേസ് എത്തിയിരിക്കുന്നത്. 45% ഹൈ ടെൻസൈൽ സ്റ്റീൽ ഉപയോഗിച്ചാണ് പുതിയ ഹോണ്ട അമേസ് നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ കാമറയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ്ന്റ് സിസ്റ്റം (അഡാസ്) സുരക്ഷാ ഫീച്ചറോടെ വിപണിയിൽ എത്തുന്ന വിലക്കുറഞ്ഞ വാഹനമാണ് അമേസ്.
ആറ് എയർബാഗുകൾ, ത്രീ പോയിന്റ് സീറ്റ് ബെൽറ്റുകൾ, എബിഎസ്, ഇബിഡി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, എമർജൻസി സ്റ്റോപ്പ് സിഗ്നൽ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളാണ് അമേസിൽ നൽകിയിട്ടുള്ളത്. വി, വിഎക്സ്, ഇസഡ് എക്സ് എന്നീ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്. റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ഗോൾഡൻ ബ്രൗണ്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങൾ കൂടാതെ ഒബ്സിഡിയൻ ബ്ലൂ പേൾ എന്ന പുതിയ പെയിന്റ് ഓപ്ഷനുമുണ്ട് പുതിയ അമേസിന്.
പുതുക്കിയ അകത്തളം
പുതുക്കിയ ഇന്റീരിയർ സഹിതമാണ് പുതുതലമുറ ഹോണ്ട അമേസ് എത്തിയിരിക്കുന്നത്. ബീജ്-ബ്ലാക്ക് തീമിലുള്ള ഡ്യുവൽ ടോണ്‍ പ്രീമിയം ഇന്റീരിയർ ആണ് നൽകിയിരിക്കുന്നത്. എട്ട് ഇഞ്ച് ഫ്ളോട്ടിംഗ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, ഏഴ് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയോടു കൂടിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, എയർ പ്യൂരിഫെയർ, ആറ് സ്പീക്കർ ഓഡിയോ സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഓഡിയോ കണ്ട്രോളറോടെയുള്ള സ്റ്റിയറിംഗ് വീൽ എന്നീ ഫീച്ചറുകളും വാഹനത്തിനുള്ളിലുണ്ട്. സണ്‍റൂഫ് ഉൾപ്പെടുത്തിയിട്ടില്ലയെന്നത് പോരായ്മയാണ്.
മാറ്റമില്ലാത്ത എൻജിൻ
രൂപകൽപനയിലും ഫീച്ചറുകളിലും നിരവധി മാറ്റങ്ങൾ വരുത്തിയെങ്കിലും എൻജിൻ മാറ്റമില്ലാതെ തുടരുന്നു. 1.2 ലിറ്റർ നാല് സിലിണ്ടർ എസ്ഒഎച്ച്സി ഐ-വിടെക് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 88.76 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന എൻജിനാണിത്. അഞ്ച് സ്പീഡ് മാനുവൽ, സിവിറ്റി ഓട്ടോമാറ്റിക് ഏഴു സ്പീഡ് ഗിയർബോക്സ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക.
അതല്ലേ ഇത്
ഹോണ്ട എലിവേറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനിലാണ് മുന്നിലെ ഗ്രില്ല് ഒരുക്കിയിരിക്കുന്നത്. അപ്പ്റൈറ്റ് പൊസിഷനിൽ ഹണി കോന്പ് പാറ്റേണിലാണ് ഇത് തീർത്തിരിക്കുന്നത്.
താരതമ്യേന വീതി കുറഞ്ഞ ഡ്യുവൽ എൽഇഡി ഹെഡ്ലാന്പുകളാണ് കൊടുത്തിരിക്കുന്നത്. എലിവേറ്റിൽ നൽകിയിരിക്കുന്നതിന് സമാനമായാണ് ഡിആർഎല്ലും ഡിസൈൻ ചെയ്തിരിക്കുന്നത്. മുൻവശത്ത് എൽഇഡി ഫോഗ് ലാന്പുകളുമുണ്ട്.
പൂർണമായും ഹോണ്ട സിറ്റിക്ക് സമാനമായാണ് പിൻഭാഗത്തിന്റെ ഡിസൈൻ. ഹോണ്ട സിറ്റിയിലെ പോലെയുള്ള ചിറകിന്റെ ആകൃതിയിലുള്ള എൽഇഡി ടെയിൽലാന്പുകൾ ഉണ്ട്. പുതിയ ഡ്യുവൽ ടോണ്‍ ഡിസൈൻ 15 ഇഞ്ച് അലോയ് വീലിന് സ്റ്റൈലിഷ് ലുക്ക് നൽകുന്നു. സെഗ്മെന്റിലെ ഏറ്റവും വലിയ (416 ലിറ്റർ) ബൂട്ട് സ്പെയ്സാണ് ഹോണ്ട പുതിയ അമേസിന് നൽകിയിരിക്കുന്നത്.