വർഗീയതയും കപട ദേശീയതയും ചെറുക്കുമെന്ന് കോണ്‍ഗ്രസ്
Thursday, April 10, 2025 1:37 AM IST
അഹമ്മദാബാദ്: രാജ്യത്തെ വെറുപ്പിന്റെ അഗാധതയിലേക്കു തള്ളിവിടുന്ന വർഗീയതയുടെ പ്രത്യയശാസ്ത്രത്തിനെതിരേ സ്നേഹത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന നയങ്ങളിലൂടെയും പോരാടുമെന്ന് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം.
ദേശീയതയും മതവും കൂട്ടിക്കലർത്തിയ ബിജെപിയുടെ കപടദേശീയതയെ മഹാത്മാഗാന്ധിയും സർദാർ പട്ടേലും ജവഹർലാൽ നെഹ്റുവും സ്വീകരിച്ച നിലപാടുകളിലൂടെ നേരിടുമെന്നു പ്രഖ്യാപിക്കുന്ന പ്രമേയം സബർമതി തീരത്തു ചേർന്ന എഐസിസി സമ്മേളനം നീണ്ട കരഘോഷത്തോടെ അംഗീകരിച്ചു.
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ചു മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ആക്രമിക്കുന്നതിൽ ഭരണകക്ഷി സജീവ പങ്കാളികളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരിന്റെ ദുർബലവും പരാജയപ്പെട്ടതുമായ വിദേശനയം, സന്പദ്വ്യവസ്ഥ തുടങ്ങിയവ രാജ്യത്തെ യുവാക്കളുടെ ഭാവി തകർത്തുവെന്ന് പ്രമേയം കുറ്റപ്പെടുത്തി.
മോദിയുടെ വ്യക്തിഗത ബ്രാൻഡിംഗിന്റെയും നിക്ഷിപ്ത താത്പര്യങ്ങളുടെയും ബലിപീഠത്തിൽ ഇന്ത്യയുടെ വിദേശനയത്തിൽ കേന്ദ്രസർക്കാർ വിട്ടുവീഴ്ച ചെയ്തു. അമേരിക്കയുടെ മുന്നിൽ നിസഹായ വിധേയത്വമായി മോദി മാറിയെന്ന് സച്ചിൻ പൈലറ്റ് അവതരിപ്പിക്കുകയും ശശി തരൂർ പിന്താങ്ങുകയും ചെയ്ത രാഷ്ട്രീയപ്രമേയം കുറ്റപ്പെടുത്തി.
30 വർഷത്തിനകം ഗുജറാത്തിൽ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രമേയം പ്രഖ്യാപിച്ചു. ഗുജറാത്തിലും കേന്ദ്രത്തിലും അധികാരത്തിൽ തിരിച്ചെത്താനുള്ള പാർട്ടിയുടെ നയസമീപനങ്ങൾ സമ്മേളനം അംഗീകരിച്ചു.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കും. എല്ലാവരെയും ഉൾക്കൊള്ളും. കോണ്‍ഗ്രസിന്റെ സാന്പത്തിക നയങ്ങൾ ചങ്ങാത്ത മുതലാളിമാർക്കു വേണ്ടിയാകില്ല. വിദ്യാർഥികൾ, വ്യാപാരികൾ, കർഷകർ, തൊഴിലാളികൾ, മധ്യവർഗക്കാർ, വ്യവസായികൾ, സ്ത്രീകൾ, യുവാക്കൾ, പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കായി കോണ്‍ഗ്രസ് കഴിയാവുന്നതെല്ലാം ചെയ്യുമെന്നും എഐസിസി സമ്മേളനം പ്രഖ്യാപിച്ചു.
മൻമോഹൻ സിംഗിനും ഉമ്മൻ ചാണ്ടിക്കും ആദരാഞ്ജലി
അഹമ്മദാബാദ്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്ക് എഐസിസി സമ്മേളനത്തിൽ ആദരാഞ്ജലി.
ഇരുവരുടെയും ജീവിതം രാജ്യത്തിനും ജനങ്ങൾക്കും പാർട്ടിക്കുംവേണ്ടി പൂർണമായി സമർപ്പിച്ചിരുന്നുവെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് അനുസ്മരിച്ചു.
കഴിഞ്ഞ എഐസിസി സമ്മേളനത്തിനുശേഷം വിടപറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെയെല്ലാം പേരെടുത്തു പറഞ്ഞ് സമ്മേളനം അനുശോചിച്ചു.