സംഘർഷത്തിനിടെ എസ്ഐ വെടിയേറ്റു കൊല്ലപ്പെട്ടു
Friday, April 11, 2025 3:21 AM IST
തൻതരൺ: പഞ്ചാബിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ പോലീസ് സബ് ഇൻസ്പെക്ടർ വെടിയേറ്റു കൊല്ലപ്പെട്ടു. കോട് മുഹമ്മദ് ഖാൻ ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
രണ്ടു ഗ്രൂപ്പുകൾ തമ്മിൽ സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു പോലീസ് സംഘം. ഇരു വിഭാഗങ്ങളെയും അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സബ് ഇൻസ്പെക്ടർ ചരൺജിത് സിംഗിനു(56) വെടിയേൽക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഹെഡ് കോൺസ്റ്റബിൾ ഹർവിന്ദർ സിംഗിന്റെ കൈക്ക് ഇഷ്ടികകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റു. കൊല്ലപ്പെട്ട എസ്ഐയുടെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബ് പോലീസ് വെൽഫെയർ ഇൻഷ്വറൻസിൽനിന്നും ഒരു കോടി രൂപ നല്കും.