അമേരിക്കയുമായി വ്യാപാരക്കരാറിൽ ധാരണയിലെത്താൻ തയാർ: ജയ്ശങ്കർ
Saturday, April 12, 2025 2:28 AM IST
ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ അടിയന്തരമായി ധാരണയിലെത്തേണ്ടതുണ്ടെന്നും ഇന്ത്യ അതിനു സജ്ജമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ.
വ്യാപാര ചർച്ചകളുടെ കാര്യത്തിൽ ഇന്ത്യയാണ് മുന്പ് ഇഴഞ്ഞുനീങ്ങിയിരുന്നതെങ്കിലും ഇത്തവണ ഇന്ത്യയാണ് മറുകക്ഷിയെയും കരാറിൽ ധാരണയിലെത്തിക്കാൻ മുൻകൈയെടുക്കുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.
കരാറുകൾക്കായി ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങൾക്കും ഇപ്പോൾ ഒരു ‘ജനാല’യുണ്ടെന്നും ഇന്ത്യക്ക് അതിലൂടെ കാര്യങ്ങൾ നോക്കിക്കാണണമെന്നുണ്ടെന്നും ന്യൂഡൽഹിയിൽ നടന്ന ആഗോള സാങ്കേതിക ഉച്ചകോടിയിൽ പ്രസംഗിക്കവെ വിദേശകാര്യമന്ത്രി പറഞ്ഞു.
ആഗോള രാജ്യങ്ങൾക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയ ഭീമൻ തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചതിനു പിന്നാലെയാണ് ജയ്ശങ്കറിന്റെ പ്രസ്താവന. അധികതീരുവകൾ സാന്പത്തികവളർച്ചയെ മന്ദീഭവിപ്പിക്കുന്നതാണെങ്കിലും ഇന്ത്യക്കുമേലുള്ള തീരുവകൾ മറ്റു രാജ്യങ്ങളേക്കാൾ കുറവായതിനാൽ ആഗോള വിതരണശൃഖലയിൽ ഇതൊരു അവസരമാണെന്നും ഇപ്പോൾ ഈ അവസരം വിനിയോഗിക്കണമെന്നും ജയ്ശങ്കർ പറഞ്ഞു.
യൂറോപ്യൻ യൂണിയനുമായി കഴിഞ്ഞ രണ്ടു വർഷം നടത്തിയ ചർച്ചകളേക്കാൾ കൂടുതൽ കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളിൽ അമേരിക്കയുമായി നടത്തി. ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ധാരണയ്ക്ക് ഇതുവരെ യുഎസ് അതിവേഗം പ്രതികരിച്ചിട്ടുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
സാന്പത്തികരംഗത്തെ നിർണായക സ്വാധീനമായി ചൈന ഉയർന്നതു വ്യാപാരംകൊണ്ടു മാത്രമല്ല, സാങ്കേതികമികവും കൂടി കാരണമാണെന്നും ഇതു രണ്ടും പരസ്പരപൂരിതമാണെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
ആഗോളവ്യാപാരവും സാങ്കേതിക പുനർക്രമീകരണവും അമേരിക്കയും ചൈനയും ഒരുപോലെ രൂപം നൽകുന്നതാണ്. ചൈനയുടെ നിലപാടുകൾ അമേരിക്കയുടെ പോലെതന്നെ അനന്തരഫലമുണ്ടാക്കുന്നു. ഇതിലൊരു രാജ്യത്തിന്റെ നിലപാടുകൾ ഒരു പരിധിവരെ മറ്റു രാജ്യത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്നും ജയ്ശങ്കർ പറഞ്ഞു.