റാണയും ഹെഡ്ലിയും; 26/11ന് അടിത്തറയൊരുക്കിയ ബാല്യകാല സുഹൃത്തുക്കൾ
Friday, April 11, 2025 3:21 AM IST
ന്യൂഡൽഹി: ഡാനിഷ് ദിനപത്രത്തിനെതിരേ സ്ഫോടനം ആസൂത്രണം ചെയ്തെന്ന ആരോപണത്തിൽ പാക്-യുഎസ് തീവ്രവാദിയായ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ 2009ൽ അമേരിക്ക അറസ്റ്റ് ചെയ്തപ്പോൾ മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ കൂടുതൽ ഗൂഢാലോചനകളിലേക്കും വെളിച്ചം വീശുകയായിരുന്നു.
ഹെഡ്ലിയെ എഫ്ബിഐ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നാണ് മുംബൈ ഭീകരാക്രമണത്തിലെ തന്റെയും തഹാവൂർ റാണയുടെയും പങ്കിനെപ്പറ്റി ഹെഡ്ലി വെളിപ്പെടുത്തിയത്. തന്റെ ബാല്യകാല സുഹൃത്തിനെക്കുറിച്ചുള്ള ഹെഡ്ലിയുടെ വെളിപ്പെടുത്തലുകളാണ് 16 വർഷങ്ങൾക്കുശേഷം മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതിയെ ഇന്ത്യയുടെ പിടിയിലാക്കിയത്.
പാക് പഞ്ചാബിലെ ഹസൻ അബ്ദൽ സൈനിക സ്കൂളിൽ പഠിക്കുന്ന കാലത്താണ് ഹെഡ്ലി റാണയുമായി പരിചയത്തിലാകുന്നത്. പിന്നീട് പാക്കിസ്ഥാൻ സേനയ്ക്കുവേണ്ടി ഹ്രസ്വകാലം മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചതിനുശേഷം ആദ്യം കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും റാണ പലായനം ചെയ്തു.
‘ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസ്’ എന്നപേരിൽ ഇമിഗ്രേഷൻ സേവനങ്ങൾ നൽകുന്ന ഓഫീസുകൾ ഷിക്കാഗോയിലും മറ്റു നഗരങ്ങളിലും പ്രവർത്തിപ്പിച്ചുവരികയായിരുന്നു റാണ.
അതേസമയം, പാക്കിസ്ഥാനിലെ ലഷ്കർ-ഇ-തോയിബ ക്യാന്പുകളിൽ തീവ്രവാദ പരിശീലനത്തിലായിരുന്നു ഹെഡ്ലി. 2005ന്റെ അവസാനത്തോടെ തീവ്രവാദ ആക്രമണം നടത്തുന്നതിനു മുന്പായി ഇന്ത്യയിൽ നിരീക്ഷണം നടത്താൻ ലഷ്കർ-ഇ-തോയിബ ഹെഡ്ലിയോട് നിർദേശിച്ചു.
2008ലെ ഭീകരാക്രമണത്തിന് മുന്പായി അഞ്ചു തവണയാണ് ഹെഡ്ലി ഇന്ത്യയിലെത്തിയത്. 2006ന്റെ പകുതിയോടെ നിരീക്ഷണത്തിനുള്ള മറവിൽ മുംബൈയിൽ ഒരു ഇമിഗ്രേഷൻ ഓഫീസ് സ്ഥാപിക്കുന്നതിനെക്കുറിച്ചു ലഷ്കർ-ഇ-തോയിബയും ഹെഡ്ലിയും ചർച്ച ചെയ്തു.
വർഷങ്ങളായി ഇരുധ്രുവങ്ങളിലുള്ള രാജ്യങ്ങളിലായിരുന്നെങ്കിലും അടുത്ത ബന്ധംതന്നെ ബാല്യകാല സുഹൃത്തുക്കളായ ഹെഡ്ലിയും റാണയും കാത്തുസൂക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിൽ തീവ്രവാദ ആക്രമണത്തിന് ലക്ഷ്യമിടുന്ന സ്ഥലങ്ങൾ കണ്ടെത്താനായുള്ള ഉദ്യമത്തിന് ഹെഡ്ലി ഷിക്കാഗോയിലെത്തി റാണയുടെ സഹായം തേടി.
അമേരിക്കയിൽ ഇമിഗ്രേഷൻ സേവനങ്ങൾ നൽകുന്ന കന്പനി നടത്തിവന്നിരുന്ന റാണയുമായി വീണ്ടും ഹെഡ്ലി ഒന്നിച്ചതാണ് പിന്നീടുള്ള തീവ്രവാദ ആക്രമണങ്ങൾക്കും വഴിതെളിച്ചത്. റാണയുടെ സ്വന്തം കന്പനിയായ ‘ഫസ്റ്റ് വേൾഡ് ഇമിഗ്രേഷൻ സർവീസസി’ന്റെ പുതിയ ഓഫീസ് മുംബൈയിൽ സ്ഥാപിച്ചു. അതു മറയാക്കിയാണ് താൻ മുംബൈയിലെ തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതെന്നാണ് അമേരിക്കൻ അധികാരികളുടെ പിടിയിലായതിനുശേഷം ഹെഡ്ലി വെളിപ്പെടുത്തിയത്. തന്റെ തീവ്രവാദബന്ധം അറിഞ്ഞു കൊണ്ടുതന്നെയാണ് റാണ ഇതിനു സമ്മതിച്ചതെന്നും ഹെഡ്ലി പറയുന്നു.
ഇതുകൂടാതെ പാക്കിസ്ഥാൻ വംശജനായ തനിക്ക് അമേരിക്കൻ പൗരത്വം വഴി എളുപ്പത്തിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള വീസ തയാറാക്കി നൽകിയതും റാണയാണെന്ന് ഹെഡ്ലി വെളിപ്പെടുത്തി. മുംബൈ ഭീകരാക്രമണത്തിൽ റാണയ്ക്കു നേരിട്ട് പങ്കുണ്ടെന്നതിന് തെളിവായി ഹെഡ്ലി ഇന്ത്യയിൽ താമസിച്ച സമയത്തു റാണയുമായി ബന്ധപ്പെട്ട 200ലധികം ഫോണ് കോളുകളുമുണ്ട്.
നിലവിൽ അമേരിക്കൻ ജയിലിൽ കഴിയുന്ന ഹെഡ്ലി തന്നെ ഇന്ത്യക്കു കൈമാറില്ലെന്ന് അമേരിക്കൻ അധികൃതരുമായെത്തിയ ധാരണയിലാണ് മുംബൈ ഭീകരാക്രമണത്തിലെ തന്റെ ബാല്യകാല സുഹൃത്തിന്റെ പങ്ക് സംബന്ധിച്ചു മുംബൈയിലെ വിചാരണക്കോടതി മുന്പാകെ വീഡിയോ കോണ്ഫറൻസിലൂടെ 2016ൽ മൊഴി നൽകിയത്. ഒടുവിൽ ഹെഡ്ലിയുടെ മൊഴികളുടെ കരുത്തിൽത്തന്നെ റാണ ഇന്ത്യയിലെ വിചാരണ നേരിടാനും തയാറെടുക്കുകയാണ്.
കേസ് നാൾവഴി
►2008 നവംബർ 26: പത്തു പാക്കിസ്ഥാനി ഭീകരർ മുംബൈയിൽ ആക്രമണം നടത്തി. റെയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു.
►2008 നവംബർ 27: ആക്രമണസംഘത്തിലുണ്ടായിരുന്ന പാക് ഭീകരൻ അജ്മൽ കസബിനെ മുംബൈ പോലീസ് പിടികൂടി.
►2009 ജനുവരി 13: കസബിനും ഇന്ത്യക്കാരായ ഫഹീം അൻസാരി, സബാവുദീൻ അഹമ്മദ് എന്നിവർക്കും എതിരേയുമുള്ള കേസിന്റെ വിചാരണയ്ക്കായി എം.എൽ. തഹാലിയാനിയെ പ്രത്യേക ജഡ്ജിയായി നിയമിച്ചു.
►2009 ജനുവരി 16: കേസിന്റെ വിചാരണ ആർതർ റോഡ് ജയിലിൽ നടത്താൻ തീരുമാനിച്ചു. കസബിനെ ഇതേ ജയിലിൽ അടച്ചു.
►2009 ഫ്രെബുവരി 25: കേസിൽ കുറ്റപത്രം സമർപ്പിച്ചു.
►2009 ഒക്ടോബർ 27: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ദാവൂദ് ഗിലാനി എന്ന ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ കൂട്ടാളി തഹാവുർ ഹുസൈൻ റാണയെ അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ) അറസ്റ്റ് ചെയ്തു.
►2009 ഒക്ടോബർ: രാജ്യംവിടാനൊരുങ്ങിയ ഡേവിഡ് കോൾമാൻ ഹെഡ്ലി യുഎസിൽ അറസ്റ്റിലായി.
►2009 നവംബർ 11: ഹെഡ്ലിക്കും റാണയ്ക്കും എതിരേ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) കേസ് രജിസ്റ്റർ ചെയ്തു.
►2019 മേയ് 6: മുംബൈയിലെ വിചാരണക്കോടതി അജ്മൽ കസബിനെ വധശിക്ഷയ്ക്കു വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ ഫഹീം അൻസാരി, സബാവുദ്ദീൻ അഹമ്മദ് എന്നിവരെ വെറുതേ വിട്ടു.
►2011 ജനുവരി 9: ഡെൻമാർക്കിൽ ഭീകരാക്രമണത്തിനു സഹായം നല്കിയതിനും പാക് ഭീകരസംഘടനയായ ലഷ്കർ തൊയ്ബയ്ക്കു പിന്തുണ നല്കിയതിനും തഹാവൂർ റാണയെ അമേരിക്കൻ കോടതി 14 വർഷത്തേക്കു ശിക്ഷിച്ചു.
►2011 ഫെബ്രുവരി 21: അജ്മൽ കസബിന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ശരിവച്ചു.
►2011 ഡിസംബർ 24: തഹാവൂർ റാണ ഉൾപ്പെടെയുള്ളവർക്കെതിരേ എൻഐഎ പട്യാല ഹൗസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. റാണയെ വിട്ടുകിട്ടാൻ അമേരിക്കയ്ക്ക് എൻഐഎ അപേക്ഷ നല്കി.
►2012 ഓഗസ്റ്റ് 29: അജ്മൽ കസബിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു.
►2012 നവംബർ: കസബിന്റെ ദയാഹർജി രാഷ്ട്രപതി തള്ളി
►2012 നവംബർ 21: പൂനയിലെ യെർവാദ ജയിലിൽ അജ്മൽ കസബിനെ തൂക്കിലേറ്റി.
►2025 ജനുവരി 21: തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളി.
►2025 ഫെബ്രുവരി 13: തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറുമെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.
►2025 ഏപ്രിൽ 7: ഇന്ത്യക്കു കൈമാറുന്നതിനെതിരേ റാണ നല്കിയ പുനഃപരിശോധനാ ഹർജി യുഎസ് കോടതി തള്ളി.
►2025 ഏപ്രിൽ 10: തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറി.