പിഎംകെയുടെ നിയന്ത്രണം ഏറ്റെടുത്ത് രാംദാസ്
Friday, April 11, 2025 3:21 AM IST
വില്ലുപുരം: പട്ടാളി മക്കൾ കക്ഷി പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്നു മകനെ നീക്കം ചെയ്ത് പാർട്ടിയുടെ പൂർണനിയന്ത്രണം ഏറ്റെടുത്ത് ഡോ. എസ്. രാംദാസ്.
മകൻ അൻപുമണി രാംദാസിനെ വർക്കിംഗ് പ്രസിഡന്റായി തരംതാഴ്ത്തി പാർട്ടി സ്ഥാപകൻകൂടിയായ രാംദാസ് അധ്യക്ഷപദവി ഏറ്റെടുത്തു. മുൻ പ്രസിഡന്റ് ജി.കെ. മണിയെ ഓണററി പ്രസിഡന്റായും നിയമിച്ചു. 2026 നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പാർട്ടി പുനഃസംഘടനയെന്ന് രാംദാസ് പറഞ്ഞു.
എന്നാൽ, രാംദാസിന്റെ നീക്കത്തിനെതിരേ അൻപുമണിയുടെ അനുയായികൾ രംഗത്തെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചെന്നൈ സന്ദർശനത്തിനു മുന്നോടിയായാണ് നാടകീയ പ്രഖ്യാപനം വന്നിരിക്കുന്നത്. ബിജെപിയുമായുള്ള സഖ്യം തുടരുമോയെന്ന ചോദ്യത്തിന്, പാർട്ടി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രാംദാസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുചേർന്ന പിഎംകെയ്ക്ക് വൻ പരാജയമാണ് ഉണ്ടായത്.