നിതീഷിന് ഉപപ്രധാനമന്ത്രിപദം നൽകണമെന്ന് അശ്വിനികുമാർ ചൗബെ
Friday, April 11, 2025 3:21 AM IST
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദം നൽകണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അശ്വിനികുമാർ ചൗബെ.
അന്തരിച്ച ജഗ്ജീവൻ റാമിനു ശേഷം ബിഹാറിന്റെ മറ്റൊരു പുത്രന് ഈ സ്ഥാനം ലഭിക്കണമെന്നും സഖ്യ രൂപീകരണത്തിൽ വഹിച്ച വലിയ പങ്കിലൂടെ പ്രധാനമന്ത്രി മോദിയുടെ കൈകൾക്ക് ശക്തി പകർന്ന വ്യക്തിയാണ് നിതീഷെന്നും ചൗബെ പറഞ്ഞു.
ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന നിതീഷിനു ബിജെപി ‘മാന്യമായി പുറത്തുപോകാനുള്ള അവസരം’നൽകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ ഘടകകക്ഷികളെല്ലാം നിതീഷിനെ സഖ്യനേതാവായി അംഗീകരിക്കുന്നുവെന്ന് അമിത് ഷാ തന്നെ പറഞ്ഞിട്ടുണ്ടെന്ന് ജെഡി-യു വക്താവ് നീരജ് കുമാർ ചൂണ്ടിക്കാട്ടി.
അതേസമയം, ബിജെപിക്ക് നിതീഷിനെ ഒഴിവാക്കാൻ താത്പര്യമുണ്ടെന്നത് ശരിയാണെന്നും എന്നാൽ ആ കസേരയിൽ ഇരിക്കുക തേജസ്വി യാദവ് ആയിരിക്കുമെന്നും ആർജെഡിയും പ്രതികരിച്ചു.