റാണയുടെ ദുബായ് സന്ദർശനം; ദുരൂഹതയുടെ ചുരുളഴിക്കാന്‍ എന്‍ഐഎ
Sunday, April 13, 2025 2:17 AM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ സുപ്രധാന വിവരങ്ങളുടെ ചുരുളഴിക്കാന്‍ ഒരുങ്ങി എന്‍ഐഎ. ഭീകരാക്രമണത്തിനുമുന്‍പ് തഹാവൂര്‍ റാണ ദുബായില്‍വച്ച് കൂടിക്കാഴ്ച നടത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ് എന്‍ഐഎ തേടുന്നത്.
യുഎസില്‍നിന്ന് ഇന്ത്യയിലെത്തിച്ച തഹാവൂര്‍ റാണയുടെ ചോദ്യം ചെയ്യല്‍ രണ്ടാംദിനം പിന്നിടുമ്പോഴാണ് സുപ്രധാന സൂചനകള്‍ പുറത്തുവന്നത്.
തഹാവൂര്‍ റാണ ദുബായില്‍ വച്ച് ഒരു വ്യക്തിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇയാള്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുടെ പ്രവര്‍ത്തകനാണോ എന്നാണ് എന്‍ഐഎ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.
ഇയാള്‍ക്ക് മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് നേരത്തേ അറിവുണ്ടായിരുന്നോ എന്നതും അന്വേഷണത്തില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, ചോദ്യംചെയ്യലില്‍ നിര്‍ണായകമായ ഒരു സാക്ഷി എന്‍ഐഎയുടെ പക്കലുണ്ടെന്ന് സൂചനയുണ്ട്.