മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ തട്ടിപ്പ്: മല്ലികാർജുൻ ഖാർഗെ
Thursday, April 10, 2025 2:51 AM IST
അഹമ്മദാബാദിൽനിന്ന് ജോർജ് കള്ളിവയലിൽ
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകൾ തട്ടിപ്പായിരുന്നുവെന്നും രാജ്യത്തു ജനാധിപത്യം പതുക്കെപ്പതുക്കെ അവസാനിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ജനാധിപത്യത്തെ നശിപ്പിക്കാനും പ്രതിപക്ഷത്തെ പരാജയപ്പെടുത്താനും കഴിയുന്ന അനുയോജ്യമായൊരു പ്രക്രിയ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണ്. രണ്ടാം സ്വാതന്ത്ര്യസമരത്തിനായുള്ള പോരാട്ടത്തിൽ കോണ്‍ഗ്രസ് വിജയം നേടുമെന്നും ഖാർഗെ പറഞ്ഞു. അഹമ്മദാബാദിലെ സബർമതി നദീതീരത്തു നടന്ന 86-ാമത് എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികവും പ്രമാണിച്ച് 64 വർഷത്തിനുശേഷം ആദ്യമായി ഗുജറാത്തിൽ നടന്ന എഐസിസി സമ്മേളനത്തിൽ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സച്ചിൻ പൈലറ്റ്, ഡോ. ശശി തരൂർ, റോജി എം. ജോണ്‍, ഷാഫി പറന്പിൽ, എം. ലിജു തുടങ്ങിയവർ പ്രസംഗിച്ചു.
മലയാളികളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെ. സുധാകരൻ, വി.ഡി. സതീശൻ, എം.കെ. രാഘവൻ എന്നിവർ വേദിയിലുണ്ടായിരുന്നു.
കർണാടക, തെലുങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും എംഎൽഎമാരും കേരളത്തിൽനിന്നുള്ള നൂറോളം നേതാക്കളുമടക്കം മൂവായിരത്തിലേറെ പേർ കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായുള്ള ചരിത്രസമ്മേളനത്തിൽ പങ്കെടുത്തു.