വിവാദ പരാമർശം; കെ. പൊന്മുടിയെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കി
Saturday, April 12, 2025 2:28 AM IST
ചെന്നൈ: തമിഴ്നാട് മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ കെ. പൊന്മുടിയെ പാർട്ടി സ്ഥാനങ്ങളിൽനിന്നു നീക്കി. ശൈവ-വൈഷ്ണ വിഭാഗങ്ങളെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിനെത്തുടർന്നാണു നടപടി.
പൊന്മുടിയെ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ അറിയിച്ചു. എന്നാൽ, പാർട്ടി നടപടിക്കു കാരണമെന്താണെന്നു പറഞ്ഞിട്ടില്ല.
രാജ്യസഭാംഗം തിരുച്ചി ശിവയെ പൊന്മുടിക്കു പകരമായി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ചു. ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശമാണു വിവാദമായത്. ഇതിന്റെ വീഡിയോ വൈറലായതിനു പിന്നാലെ ഡിഎംകെയ്ക്കുള്ളിൽനിന്നുതന്നെ വലിയ വിമർശനമാണുണ്ടായത്.
പൊന്മുടിയുടെ പരാമർശം സ്വീകാര്യമല്ലെന്ന് ഡിഎംകെ എംപി കനിമൊഴി പറഞ്ഞു. എന്തു കാരണത്താലാണ് അദ്ദേഹം സംസാരിച്ചതെങ്കിലും ഇത്തരം അസഭ്യവാക്കുകൾ അപലപനീയമാണെന്ന് അവർ എക്സിലെ പോസ്റ്റിൽ പറഞ്ഞു. പൊന്മുടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.