ഗവർണർ അർലേക്കർക്കെതിരേ എം.എ. ബേബി
Sunday, April 13, 2025 2:17 AM IST
ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര അർലേക്കർ സുപ്രീംകോടതിവിധിക്കെതിരേ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള അധികാരം ഗവർണർമാർക്കില്ലെന്ന സുപ്രീംകോടതി വിധി ഭരണഘടനയുടെ അന്തഃസത്ത ഉയർത്തിപ്പിടിക്കുന്ന വിധിയാണ്. അത് അംഗീകരിക്കാൻ അർലേക്കർ സന്നദ്ധനാകേണ്ടിയിരുന്നു. വിധിക്കെതിരേ ഗവർണർ നടത്തിയ പ്രതികരണം ഒട്ടും അഭികാമ്യമല്ലെന്നും ബേബി പറഞ്ഞു.
സുപ്രീംകോടതി വിധി പ്രധാനമന്ത്രി മുതൽ രാഷ്ട്രപതി വരെയുള്ള സകലർക്കും ബാധകമാണ്. രാഷ്ട്രപതിക്കില്ലാത്ത അധികാരമാണോ ഗവർണർക്കുള്ളത്. വളരെ കാലത്തിനുശേഷം പ്രതീക്ഷയുണ്ടാക്കുന്ന ഒരു നിരീക്ഷണവും വിധിയുമാണ് സുപ്രീംകോടതി പ്രഖ്യാപിച്ചത്.
സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങളെ ഗവർണർമാർ അനന്തമായി വച്ചുതാമസിപ്പിക്കുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് ഒട്ടും യോജിക്കുന്നതല്ലെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.