തഹാവൂർ റാണയെ ഇന്ത്യക്കു കൈമാറി
Thursday, April 10, 2025 2:51 AM IST
ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ യുഎസ് ഇന്ത്യക്കു കൈമാറി. ഇന്ത്യയിലേക്കു നാടുകടത്തുന്നതിനെതിരേ തഹാവൂര്‍ റാണ നല്കിയ അപ്പീല്‍ യുഎസ് സുപ്രീംകോടതി തള്ളിയതിനെത്തുടർന്ന് വിവിധ അന്വേഷണ ഏജന്‍സികളുടെ മേധാവികൾ യുഎസിലെത്തിയിരുന്നു.
പ്രത്യേക വിമാനത്തിലാണ് തഹാവൂർ റാണയെ ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്. ഇന്ന് ഡൽഹിയിലെത്തുന്ന സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കും. തുടർന്ന് മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കു വിധേയനാക്കും.
166 പേരുടെ മരണത്തിന് ഇടയാക്കിയ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ഗുഢാലോചനയില്‍ തഹാവൂര്‍ റാണയ്ക്കു വ്യക്തമായ പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബില്‍ ജനിച്ച് കനേഡിയൻ പൗരത്വം നേടിയ 64 കാരനാണ് തഹാവൂര്‍ റാണ. പാക് ആര്‍മി മെഡിക്കല്‍ കോറിലെ ജോലി രാജിവച്ച് 1997 ലാണ് കാനഡയിലെത്തിയത്.
ലോസ്ആഞ്ചല സിലെ ജയിലിലാണ് ഏതാനും നാളുകളായി തഹാവൂര്‍ റാണ കഴിയുന്നത്. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തഹാവൂര്‍ റാണ നല്കിയ അപേക്ഷ കഴിഞ്ഞദിവസമാണ് യുഎസ് സുപ്രീംകോടതി നിരാകരിച്ചത്.
മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരില്‍ ഒരാളായ പാക്-യുഎസ് ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് റാണ.
പാക്കിസ്ഥാനിലെ ലഷ്കര്‍ ഇ ത്വയ്ബ, പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐ എന്നിവയുമായും ചേർന്നു പ്രവർത്തിച്ചിരുന്നു.
തഹാവൂർ റാണയെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. രഹസ്യാന്വേഷണ വിഭാഗം തലവൻ തപൻ ദേക, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരും ഒപ്പമുണ്ടായിരുന്നു.