ഹെഡ്ലിക്ക് ഇന്ത്യൻ വീസ ലഭിക്കാൻ സഹായിച്ചത് തഹാവൂർ റാണ
Saturday, April 12, 2025 2:28 AM IST
മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്ലിക്ക് ഇന്ത്യൻ വീസ ലഭിക്കാൻ സഹായിച്ചത് തഹാവൂർ റാണയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ.
ഇക്കാലയളവിൽ ഇരുവരും തമ്മിൽ 230ലധികം ഫോൺ വിളികളാണ് ഉണ്ടായത്. ഭീകരാക്രമണത്തിന് റാണ തന്റെ സ്ഥാപനം വഴി ഹെഡ്ലിക്ക് സംരക്ഷണം നൽകിയെന്നും 10 വർഷത്തേക്ക് വീസ കാലാവധി നീട്ടാൻ സഹായിച്ചെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
1990കളുടെ അവസാനത്തിൽ കാനഡയിലേക്കു കുടിയേറുന്നതിനു മുമ്പ് റാണ പാക്കിസ്ഥാൻ സൈന്യത്തിലെ മെഡിക്കൽ കോർപ്സിൽ ജോലി നോക്കിയിരുന്നു. ഇക്കാലത്ത് ഇമിഗ്രേഷൻ കൺസൾട്ടൻസി സ്ഥാപനം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് യുഎസിലേക്കു താമസംമാറിയ റാണ ഷിക്കാഗോയിൽ ഓഫീസ് തുറക്കുകയും ചെയ്തു.
ഹെഡ്ലി ഇന്ത്യയിലായിരുന്നപ്പോൾ റാണയുമായി നിരന്തരം സമ്പർക്കം പുലർത്തുകയും ഇമിഗ്രേഷൻ സ്ഥാപനം നടത്തുകയും ചെയ്തിരുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ മറ്റൊരു പ്രതിയായ മേജർ ഇഖ്ബാലുമായും റാണ ബന്ധപ്പെട്ടിരുന്നു. ഭീകരാക്രമണത്തിനു ദിവസങ്ങൾക്ക് മുമ്പ്, 2008 നവംബറിൽ റാണ ഇന്ത്യ സന്ദർശിച്ചിരുന്നു.
ഭീകരാക്രമണ കേസിൽ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത് റാണ പവായ്യിലെ ഹോട്ടലിൽ താമസിക്കുകയും കേസിലെ സാക്ഷികളിലൊരാളുമായി സൗത്ത് മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെക്കുറിച്ച് ചർച്ച നടത്തിയെന്നുമാണ്. ഈ സ്ഥലങ്ങളിൽ ചിലതാണു ഭീകരർ ലക്ഷ്യമിട്ടത്.
കടൽ വഴി ബോട്ടിലെത്തിയ ലഷ്കർ ഭീകരർ മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്–ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി എട്ടു സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ വിദേശികളടക്കം 166 പേരാണു കൊല്ലപ്പെട്ടത്.