ഹിമാചൽ പ്രദേശിൽ പാലം തകർന്നു
Sunday, April 13, 2025 1:28 AM IST
ഷിംല: ഹിമാചൽ പ്രദേശിൽ പാലം തകർന്നതിനെത്തുടർന്ന് ദേശീയപാത 305ൽ വാഹനഗതാഗതം സ്തംഭിച്ചു. 1980ൽ നിർമിച്ച പാലം മണ്ഡിയെയും കുള്ളു ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നിർമിതിയാണ്.
കുള്ളുവിലെ ബൻജാറിൽ ശനിയാഴ്ച പുലർച്ചെയാണ് പാലം നിലംപൊത്തിയത്. ഈ സമയത്ത് പാലത്തിനു മുകളിലൂടെ കടന്നുപോയ ട്രക്ക് നദിയിലേക്ക് വീഴുകയും ഡ്രൈവർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.
പാലം പുനഃസ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ബെയ്ലി പാലം ഉടൻ സ്ഥാപിക്കുമെന്ന് കുള്ളു ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ താല്കാലിക പാതയിലൂടെ വാഹനങ്ങൾ വഴിതിരിച്ചുവിടാൻ തുടങ്ങിയിട്ടുണ്ട്.