മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടിക്കു സ്റ്റേയില്ല; അന്വേഷിക്കാൻ ഇഡിയും
Thursday, April 10, 2025 2:51 AM IST
സനു സിറിയക്
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട എക്സാലോജിക് സാന്പത്തിക ഇടപാടിലെ പ്രോസിക്യൂഷൻ നടപടികൾ തടയണമെന്നാവശ്യപ്പെട്ടു സിഎംആർഎൽ നൽകിയ ഹർജി കേസ് ആദ്യം പരിഗണിച്ചിരുന്ന ജസ്റ്റീസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്കു മാറ്റി ഡൽഹി ഹൈക്കോടതി. കേസിലെ അന്വേഷണ ഏജൻസിയായ എസ്എഫ്ഐഒയുടെ നിലവിലെ നടപടിക്കു തത്കാലം സ്റ്റേയില്ല.
കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ തുടർനടപടികൾ ഉണ്ടാകരുതെന്ന് നേരത്തേ ഹർജി പരിഗണിച്ച ജസ്റ്റീസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ച് എസ്എഫ്ഐഒയ്ക്ക് വാക്കാൽ നിർദേശം നൽകിയെന്നും എന്നാൽ അന്വേഷണ ഏജൻസി അതു ലംഘിച്ചുവെന്നും സിഎംആർഎല്ലിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.
ഇന്നലെ വാദം കേട്ട ജസ്റ്റീസ് ഗിരീഷ് കാത്പാലിയ, ഇത്തരമൊരു നിർദേശത്തെപ്പറ്റിയും ഉറപ്പിനെപ്പറ്റിയും തനിക്ക് അറിവില്ലെന്നും ഇതുമായി ബന്ധപ്പെട്ട ജുഡീഷൽ രേഖകൾ ഒന്നുമില്ലെന്നും ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലാണു ഹർജി നേരത്തെ പരിഗണിച്ച ജസ്റ്റീസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ചിലേക്കു മാറ്റണമെന്ന ആവശ്യം ഉയർന്നത്. ഇത് അംഗീകരിച്ച ജസ്റ്റീസ് കാത്പാലിയ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് അഭ്യർഥിക്കുകയും ചെയ്തു. ഈ മാസം 22ന് ജസ്റ്റീസ് സുബ്രഹ്മണ്യ പ്രസാദിന്റെ ബെഞ്ച് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, വീണാ വിജയനെതിരായ കേസിൽ ഇഡിയും ഇടപെട്ടേക്കുമെന്ന് സൂചനയുണ്ട്. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനാണുള്ള സാധ്യതയാണ് ഇഡി തേടുന്നത്. കൊച്ചി കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കാനാണ് ഇഡിയുടെ ശ്രമം.
കേസിലെ രേഖകൾ ആവശ്യപ്പെട്ട് ഇഡി എസ്എഫ്ഐഒയ്ക്ക് കത്തെഴുതിയതായും, കുറ്റപത്രത്തിൽ ചുമത്തിയിരിക്കുന്ന ആരോപണങ്ങൾ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഉള്ളതാണെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
വീണയുടെ കന്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയിൽനിന്നടക്കം ഇതിലേക്കു പണം വരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോണ് ജോർജ് ഇഡിക്ക് നേരത്തേ പരാതി നൽകിയിരുന്നു. 2023 മുതലുള്ള ആദായനികുതി കേസിനെത്തുടർന്നു വീണ നിരവധി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
വീണയുടെ ഐടി കന്പനിയായ എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് 2018-19 ൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിൽ (സിഎംആർഎൽ) നിന്ന് 1.72 കോടി രൂപ നിയമവിരുദ്ധമായി ലഭിച്ചു.
എന്നാൽ എക്സാലോജിക് ഈ പണത്തിനുള്ള ഒരു സേവനവും നൽകിയിട്ടില്ല എന്നതാണ് ആരോപണം. തുടർന്ന് കോർപറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) വീണയുടെ സ്ഥാപനത്തിനെതിരേ അന്വേഷണം ആരംഭിച്ചു.
വീണയ്ക്കെതിരേ എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചതോടെ പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞയാഴ്ച അംഗീകാരം നൽകുകയായിരുന്നു.