ഡാറ്റ സംരക്ഷണനിയമത്തിലെ സെക്ഷൻ 44(3) വിവരാവകാശത്തെ തകർക്കുന്നു: പ്രതിപക്ഷം
Friday, April 11, 2025 2:17 AM IST
ന്യൂഡൽഹി: വ്യക്തിഗത ഡിജിറ്റൽ ഡാറ്റ സംരക്ഷണ (ഡിപിഡിപി) നിയമത്തിലെ സെക്ഷൻ 44(3) വിവരാവകാശ നിയമത്തെ തകർക്കുന്നതാണെന്നും പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും പ്രതിപക്ഷ ‘ഇന്ത്യ’ സഖ്യം.
ഡിപിഡിപി നിയമത്തിലെ സെക്ഷൻ 44 (3) സുതാര്യതയ്ക്കും മാധ്യമസ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന് സഖ്യം നേതാക്കൾ ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭയിലെ കോണ്ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, സിപിഎം എംപി ജോണ് ബ്രിട്ടാസ്, ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി, ഡിഎംകെ എംപി എം.എം. അബ്ദുള്ള, സമാജ്വാദി പാർട്ടി എംപി ജാവേദ് അലിഖാൻ, ആർജെഡി എംപി നേവൽ കിഷോർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വ്യക്തിഗത ഡാറ്റ സംരക്ഷണത്തിന്റെ പേരിൽ വിവരാവകാശത്തിലൂടെ നൽകേണ്ടിവരുന്ന വിവരങ്ങൾക്ക് സർക്കാർ തടയിടുകയാണെന്നും സെക്ഷൻ 44(3) പിൻവലിക്കുന്നതിനുള്ള ആവശ്യമുയർത്താൻ ഇന്ത്യ സഖ്യം നേതാക്കൾ ഒറ്റക്കെട്ടാണെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
120ലധികം എംപിമാർ സെക്ഷൻ പിൻവലിക്കുന്നതിനുള്ള മെമ്മോറാണ്ടത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും ഉടൻതന്നെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിനു കൈമാറുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.