ഷർട്ടിന്റെ ബട്ടൻസ് ഇട്ടില്ല; അഭിഭാഷകന് ആറു മാസം തടവും 2,000 രൂപ പിഴയും
Saturday, April 12, 2025 2:28 AM IST
ലക്നോ: ഷർട്ടിന്റെ ബട്ടൻസ് ഇടാതെ കോടതിയിൽ ഹാജരായ അഭിഭാഷകന് ആറുമാസം തടവ്. അലഹബാദ് ഹൈക്കോടതിയുടേതാണു വിധി. അഭിഭാഷകരുടെ റോബ് ധരിക്കാതെയും ഷർട്ടിന്റെ ബട്ടൻസ് ഇടാതെയും കോടതിയിലെത്തിയ അശോക് പാണ്ഡെ എന്ന അഭിഭാഷകനെയാണു ശിക്ഷിച്ചത്.
പാണ്ഡെയുടെ മുൻകാല പെരുമാറ്റം കൂടി കണക്കിലെടുത്താണ് വിധിയെന്ന് ജസ്റ്റീസുമാരായ വിവേക് ചൗധരിയും ബി.ആർ. സിംഗും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു.
2,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു മാസംകൂടി തടവ് അനുഭവിക്കണം. ലക്നോ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുന്നതിനു പാണ്ഡെയ്ക്ക് നാലാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍നിന്നു മൂന്ന് വര്‍ഷം വിലക്കും പാണ്ഡെ യെ കാത്തിരിക്കുന്നുണ്ട്. വിലക്കാതിരിക്കുന്നതിനു കാരണം ബോധ്യപ്പെടുത്തണമെന്നു നിര്‍ദേശിച്ച് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
2021 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. അമാന്യമായി വസ്ത്രംധരിച്ച് കോടതിയിൽ ഹാജരായതു ചോദ്യംചെയ്ത ജഡ്ജിമാരെ പാണ്ഡെ ഗുണ്ടകളെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ കോടതിയലക്ഷ്യത്തിനു കോടതി സ്വമേധയാ കേസെടുത്തു. കേസിൽ ഇതുവരെ പാണ്ഡെ ഹാജരായിട്ടില്ല.