മുൻ ബംഗാൾ മന്ത്രി റസാക്ക് മൊല്ല അന്തരിച്ചു
Saturday, April 12, 2025 2:28 AM IST
കോൽക്കത്ത: മുൻ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അബ്ദുർ റസാക്ക് മൊല്ല (80) അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് ബാൻക്രി ഗ്രാമത്തിലെ വസതിയിലായിരുന്നു അന്ത്യം.
സിപിഎം നേതാവായിരുന്ന മൊല്ല കാനിംഗ് പൂർബ മണ്ഡലത്തിൽനിന്ന് 1977 മുതൽ 2011 വരെ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുസർക്കാരിൽ മന്ത്രിയായിരുന്നു. 2014ൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മൊല്ലയെ സിപിഎം പുറത്താക്കി. തുടർന്ന് അദ്ദേഹം ഭാരതീയ നായ്ബിചാർ പാർട്ടി (ബിഎൻപി) രൂപവത്കരിച്ചു. തൃണമൂൽ കോൺഗ്രസുമായി ബന്ധമുണ്ടാക്കിയതിന്റെ പേരിൽ മൊല്ലയെ ബിഎൻപിയിൽനിന്നു പുറത്താക്കി.
2016ൽ മൊല്ല തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ആ വർഷം നടന്ന തെരഞ്ഞെടുപ്പിൽ ഭാൻഗർ മണ്ഡലത്തിൽ തൃണമൂൽ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച മൊല്ല മമത ബാനർജി സർക്കാരിൽ ഭക്ഷ്യ സംസ്കരണ മന്ത്രിയായി.