ഹരിയാനയിൽ പെൺഭ്രൂണഹത്യ വ്യാപകം; നടപടിയുമായി സർക്കാർ
Sunday, April 13, 2025 2:17 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ പെൺഭ്രൂണഹത്യകൾ വ്യാപകമാണെന്നും അതിനാൽത്തന്നെ സംസ്ഥാനത്ത് ആൺകുഞ്ഞുങ്ങളെ അപേക്ഷിച്ച് പെൺകുഞ്ഞുങ്ങളുടെ എണ്ണം വലിയതോതിൽ കുറഞ്ഞുവരികയാണെന്നും റിപ്പോർട്ട്.
ഒരു ദേശീയ മാധ്യമം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. സംസ്ഥാനത്ത് ലിംഗനിർണയ കേന്ദ്രങ്ങൾ വ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും തത്ഫലമായി പെൺഭ്രൂണഹത്യകൾ പെരുകുകയാണെന്നും റിപ്പോർട്ടിലുണ്ട്.
‘വാനിഷിംഗ് ഡോട്ടേഴ്സ്’ എന്ന പേരിൽ ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഹരിയാനയിൽ പെൺഭ്രൂണഹത്യാ റാക്കറ്റുകളുടെ ശൃംഖലതന്നെയുണ്ട്. 2024ൽ സംസ്ഥാനത്ത് 5,16,402 കുട്ടികൾ ജനിച്ചപ്പോൾ 47.64 ശതമാനം മാത്രമാണു പെൺകുട്ടികൾ.
2019 ൽ 1,000 ആൺകുട്ടികൾക്ക് 923 പെൺകുട്ടികൾ എന്ന ലിംഗാനുപാതം 2024 ൽ 910 ആയി കുറഞ്ഞു. ഗർഭഛിദ്ര ശൃംഖലകൾ വ്യാപകമായി പ്രവർത്തിക്കുന്നതാണ് പെൺകുഞ്ഞുങ്ങൾ കുറയുന്നതിനു കാരണമെന്നും ഗർഭഛിദ്ര കേന്ദ്രങ്ങൾക്കെതിരേ പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, ലിംഗനിർണയ കേന്ദ്രങ്ങൾക്കും നിയമവിരുദ്ധമായി ഗർഭഛിദ്രം നടത്തുന്ന ആശുപത്രികൾക്കുമെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നായബ് സെയ്നി വ്യക്തമാക്കി. ഇതിനായി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുധിർ രാജ്പാലിന്റെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ 1,500 മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) സെന്ററുകളിൽ 300 എണ്ണത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയോ പ്രവർത്തനം സ്വമേധയാ നിർത്തുകയോ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
23 എംടിപി സെന്ററുകൾക്ക് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. എംടിപി കിറ്റുകളുടെ ഓൺലൈൻ വില്പനക്കാർക്കെതിരേ 17 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
മഹേന്ദ്രഗഡ്, ഹിസാർ, ഫത്തേഹാബാദ്, കർണാൽ, കുരുക്ഷേത്ര തുടങ്ങിയ കുറഞ്ഞ ലിംഗാനുപാതമുള്ള ജില്ലകളിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
തൃപ്തികരമായ വിശദീകരണങ്ങൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കും. കുറഞ്ഞ ലിംഗാനുപാതമുള്ള ഈ ജില്ലകളിലെ നോഡൽ ഓഫീസർമാരെ മാറ്റിയതായും അനധികൃത ഗർഭഛിദ്രം നടത്തുന്ന കേന്ദ്രങ്ങൾക്കെതിരേ നടപടികൾ ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.