ഫ്രാൻസിൽനിന്ന് 26 റഫാൽ വിമാനങ്ങൾകൂടി എത്തും
Thursday, April 10, 2025 2:51 AM IST
സീനോ സാജു
ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് 26 റഫാൽ വിമാനങ്ങൾകൂടി വാങ്ങാൻ ഇന്ത്യയുടെ തീരുമാനം.ഇതുമായി ബന്ധപ്പെട്ട് 63,000 കോടിയിലധികം രൂപയുടെ കരാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അനുമതി നൽകി.
നാവികസേനയ്ക്കായി 22 സിംഗിൾ സീറ്റ് വിമാനങ്ങളും നാല് ട്വിൻ സീറ്റ് ട്രെയ്നറുകളുമാണ് ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്നത്. രാജ്യത്തെ ആദ്യ തദ്ദേശനിർമിത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിലാണ് പ്രാഥമികമായി ഈ വിമാനങ്ങൾ വിന്യസിക്കുക.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് നടപടികൾ നിരീക്ഷിക്കാൻ ഇന്ത്യ നേരത്തേതന്നെ തീരുമാനമെടുത്തതിന്റെ തുടർച്ചയാണു കരാർ. കടൽയുദ്ധത്തിൽ ഇന്ത്യയുടെ പ്രഹരശേഷി വർധിപ്പിക്കാനാണ് റഫാൽ വിമാനങ്ങളുടെ മറൈൻ വേരിയന്റായ റഫാൽ-എം വിമാനങ്ങൾ വാങ്ങുന്നത്. ഫ്രഞ്ച് പ്രതിരോധമന്ത്രി സെബാസ്റ്റ്യൻ ലേക്കോർണുവിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ഈ മാസംതന്നെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിടുമെന്നാണ് റിപ്പോർട്ട്.
കരാറിലെത്തിയാൽ അഞ്ചു വർഷത്തിനുശേഷം റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തുമെന്ന് അധികൃതർ സൂചിപ്പിച്ചു. കപ്പലുകളിൽനിന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇരട്ട എൻജിൻ ഫൈറ്റർ ജെറ്റുകൾ ഇന്ത്യ സ്വന്തമായി നിർമിച്ചെടുക്കുന്നതുവരെ നാവികസേനയുടെ ഇടക്കാല സുരക്ഷാ ആവശ്യങ്ങൾ റഫാൽ വിമാനങ്ങൾ നിറവേറ്റും.
ആയുധങ്ങൾ, അനുബന്ധ ഉപകരണങ്ങൾ, സിമുലേറ്റർ, ലോജിസ്റ്റിക്സ് പിന്തുണ, യുദ്ധവിമാനങ്ങളുടെ പരിപാലനവും അറ്റകുറ്റപ്പണിയും, പൈലറ്റുമാർക്കുള്ള പരിശീലനം എന്നിവയടങ്ങുന്ന സമഗ്രമായ കരാറിനാണ് ഫ്രാൻസുമായി ഇന്ത്യ ധാരണയിലെത്തുന്നത്.
ലോകത്തിലെ ഏറ്റവും അത്യാധുനിക നാവികസേന ഫൈറ്റർ ജെറ്റുകളായി കണക്കാക്കുന്നവയാണ് റഫാൽ-എം വിമാനങ്ങൾ. വിമാനവാഹിനികളിലെ ലാൻഡിംഗിന് അനുയോജ്യമായ ഉറപ്പുള്ള ഗിയറുകൾ റഫാലിന്റെ പ്രധാന സവിശേഷതയാണ്. ഇതുകൂടാതെ മടക്കാവുന്ന ചിറകുകൾ, കഠിനമായ സാഹചര്യങ്ങളെ നേരിടാൻ കഴിയുന്ന ബോഡി, വ്യോമയാനരംഗത്തെ ഉന്നതപ്രകടനം എന്നിവ റഫാൽ-എം വിമാനങ്ങളെ ആധുനിക ഫൈറ്റർ ജെറ്റുകൾക്കിടയിലെ പ്രധാനിയാക്കുന്നു.
ഇന്ത്യൻ വ്യോമസേനയ്ക്ക് ബംഗാളിലെ ഹാഷിമാരയിലെയും ഹരിയാനയിലെ അംബാലയിലെയും താവളങ്ങളിലായി ഇതിനോടകംതന്നെ 36 റഫാൽ യുദ്ധവിമാനങ്ങളുണ്ട്. നാവികസേനയ്ക്കായുള്ള പുതിയ കരാർ വ്യോമസേനയുടെയും ശേഷി വർധിപ്പിക്കും.
കൊച്ചിൻ ഷിപ്പ് യാർഡിൽ വികസിപ്പിച്ചെടുത്ത് 2022ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്തിലാണ് ആദ്യം 26 റഫാൽ വിമാനങ്ങൾ ഉപയോഗിക്കുകയെങ്കിലും നാവികസേനയുടെ ഐഎൻഎസ് വിക്രമാദിത്യയിൽ ഉപയോഗിക്കാനും തീരുമാനമുണ്ട്. ആകാശത്തിലെ പോർമുഖത്തിൽ ദീർഘകാലമായുള്ള മിഗ്-29കെ ജെറ്റുകൾ ഐഎൻഎസ് വിക്രമാദിത്യയിൽ ഉപയോഗിക്കുന്നുണ്ട്.
പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഇവയ്ക്കു പകരം അടുത്ത പതിറ്റാണ്ടോടെ റഫാൽ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക.