വീണ്ടും അണ്ണാ ഡിഎംകെ-ബിജെപി സഖ്യം
Saturday, April 12, 2025 2:28 AM IST
ചെന്നൈ: അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിഎംകെയും ബിജെപിയും സഖ്യത്തിൽ മത്സരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യത്തെ അണ്ണാ ഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ. പളനിസ്വാമി നയിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
""ദേശീയതലത്തിൽ നരേന്ദ്ര മോദിയുടെയും സംസ്ഥാനതലത്തിൽ പളനിസ്വാമിയുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടും. 1998 മുതൽ അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തിന്റെ ഭാഗമായിരുന്നു.
കേന്ദ്ര-സംസ്ഥാന ബന്ധം ഊഷ്മളമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്തരിച്ച മുഖ്യമന്ത്രി ജെ. ജയലളിതയും പ്രവർത്തിച്ചു. എടപ്പാടിയുടെ നേതൃത്വത്തിൽ ഞങ്ങൾ അടുത്ത സർക്കാർ രൂപവത്കരിക്കും.''-അമിത് ഷാ പറഞ്ഞു.
ചില വിഷയങ്ങളിൽ അണ്ണാ ഡിഎംകെയ്ക്കുള്ള ഭിന്നനിലപാട് സംബന്ധിച്ചു ചർച്ച നടത്തി പരിഹാരമുണ്ടാക്കുമെന്നും ആവശ്യമെങ്കിൽ പൊതുമിനിമം പരിപാടി തയാറാക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ എടപ്പാടിയും ബിജെപി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ കെ. അണ്ണാമലൈയും പങ്കെടുത്തു.
രണ്ടു വർഷംമുന്പാണ് ബിജെപിയുമായുള്ള സഖ്യം അണ്ണാഡിഎംകെ അവസാനിപ്പിച്ചത്. കെ. അണ്ണാമലൈ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെയാണ് സഖ്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും ഒരു സീറ്റിലും വിജയിക്കാനായില്ല.
അണ്ണാമലൈയെ നീക്കിയാൽ സഖ്യമാകാമെന്ന നിലപാടിലായിരുന്നു അണ്ണാഡിഎംകെ.