നാഷണൽ ഹെറാൾഡ് കേസ്; കോണ്ഗ്രസ് അനുബന്ധ കന്പനിയുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി
Sunday, April 13, 2025 2:17 AM IST
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്ഗ്രസ് അനുബന്ധ കന്പനിയായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ (എജെഎൽ) 661 കോടി രൂപയുടെ സ്ഥാവര ജംഗമസ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസയച്ചു.
ഡൽഹി ഐടിഒയിലെ ഹെറാൾഡ് ഹൗസിലും മുംബൈ, ലക്നോ എന്നിവിടങ്ങളിലെ എജെഎൽ സ്ഥാപനങ്ങളിലുമാണ് ഇഡി നോട്ടീസ് അയച്ചിരിക്കുന്നത്. ഡൽഹി, ലക്നോ ഓഫീസുകളിൽനിന്ന് ഒഴിയാനാണ് ഇഡിയുടെ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ കെട്ടിടത്തിന്റെ വാടക ഇഡിക്കു കൈമാറാനോ ഓഫീസിൽനിന്ന് ഒഴിയാനോ ഉള്ള ഉപാധിയുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾക്കു തുടക്കമിട്ടതെന്ന് ഇഡി അറിയിച്ചു. കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നിക്ഷേപമുള്ള യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ് എജെഎല്ലിന്റെ ഉടമസ്ഥർ.
യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് കന്പനിയുടെ 76 ശതമാനം ഓഹരികളും രാഹുലിന്റെയും സോണിയയുടെയും പേരിലാണ്. "നാഷണൽ ഹെറാൾഡ്’ ദിനപത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്ലിന്റെ ഉടമസ്ഥാവകാശം യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്പോൾ നടത്തിയ സാന്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗവുമാണ് നാഷണൽ ഹെറാൾഡ് കേസ്.
2000 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ ലഭിക്കുന്നതിനായി യംഗ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡ് എജെഎല്ലിന്റെ സ്വത്തുക്കൾ ദുരുദ്ദേശ്യപരമായി ഏറ്റെടുത്തുവെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി 2012ൽ നൽകിയ പ്രാഥമിക പരാതിയിൽ ആരോപിച്ചിരുന്നത്. എന്നാൽ, ആരോപണങ്ങളെല്ലാം കോൺഗ്രസ് നിഷേധിക്കുകയാണ്.