തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചു
Friday, April 11, 2025 3:21 AM IST
സനു സിറിയക്
ന്യൂഡൽഹി: 2008 മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിൽ ഒരാളും പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണയെ അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചു. ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് റാണയെ വഹിച്ചുകൊണ്ടുള്ള പ്രത്യേക സൈനികവിമാനം ഡൽഹിയിലെ വ്യോമസേനയുടെ പാലം വിമാനത്താവളത്തിൽ എത്തിയത്.
റാണയെ കസ്റ്റഡിയിലെടുത്തു കൊണ്ടുവരുന്നതിനായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഉദ്യോഗസ്ഥരുടെയും ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെയും സംയുക്തസംഘം അമേരിക്കയിലേക്കു പോയിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി എൻഐഎ റാണയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
എൻഐഎ ഡയറക്ടർ ജനറലടക്കം 12 ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണു റാണയെ ചോദ്യം ചെയ്യുന്നത്. ഡൽഹിയിലെ എൻഐഎയുടെ പ്രത്യേക കോടതിയിലായിരിക്കും റാണയുടെ വിചാരണനടപടികൾ ആരംഭിക്കുക. ഗൂഢാലോചന, ഇന്ത്യക്കെതിരേ യുദ്ധം ചെയ്യൽ, കൊലപാതകം, വ്യാജരേഖ ചമയ്ക്കൽ, യുഎഎപിഎ തുടങ്ങിയ കുറ്റങ്ങളാണ് റാണയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
റാണയെ ഡൽഹിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷാ നടപടികളാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയത്. പാലം വിമാനത്താവളത്തിലും എൻഐഎ ആസ്ഥാനത്തും കമാൻഡോകളെയും അർധസൈനികരെയും പോലീസിനെയും വിന്യസിച്ചിരുന്നു.
റാണയെ പാർപ്പിക്കുന്ന തിഹാർ ജയിലിനു പുറത്തും അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേസിൽ റാണയ്ക്കുവേണ്ടി ആഭ്യന്തരമന്ത്രാലയം മുതിർന്ന അഭിഭാഷകനായ നരേന്ദർ മാനെ മൂന്നു വർഷത്തേക്ക് പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. എൻഐഎയ്ക്കുവേണ്ടി മുതിർന്ന ക്രിമിനൽ അഭിഭാഷകൻ ദയാൻ കൃഷ്ണയായിരിക്കും ഹാജരാകുക.
വർഷങ്ങളുടെ ശ്രമഫലമെന്ന് എൻഐഎ
വർഷങ്ങളായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണു റാണയെ ഇന്ത്യയിലെത്തിക്കാൻ സാധിച്ചതെന്ന് എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യ-യുഎസ് കൈമാറ്റ ഉടന്പടി പ്രകാരം റാണയെ യുഎസിൽ കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ത്യക്കു കൈമാറുന്നതിനെതിരേയുള്ള റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെയാണു നിയമതടസങ്ങൾ പൂർണമായി നീങ്ങി ഇയാളെ ഇന്ത്യയിലേക്കെത്തിക്കുന്നതിനുള്ള വഴി തെളിഞ്ഞത്. 2009 മുതൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ യുഎസിലെ ലോസ് ആഞ്ചലസ് ജയിലിലായിരുന്നു റാണ.
2008 നവംബർ 26 നായിരുന്നു ഇന്ത്യയെ നടുക്കിയ മുംബൈ ഭീകരാക്രമണം. കടൽ വഴി ബോട്ടിലെത്തിയ പത്ത് ലഷ്കർ-ഇ-തോയിബ ഭീകരർ മുംബൈ ഛത്രപതി ശിവജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ, താജ് ഹോട്ടൽ, നരിമാൻ ഹൗസ് തുടങ്ങി എട്ടിടങ്ങളിലായിരുന്നു ആക്രമണം നടത്തിയത്. 166 പേരാണു കൊല്ലപ്പെട്ടത്.
ആക്രമണം നടന്ന് 17 വർഷങ്ങൾക്കു ശേഷമാണ് റാണ ഇന്ത്യയിൽ വിചാരണ നേരിടുന്നത്. ആക്രമണത്തിനിടെ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് 2012 നവംബർ 21ന് തൂക്കിലേറ്റിയിരുന്നു.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ മൊഴിയിലൂടെയാണ് കേസിൽ റാണയുടെ പങ്ക് പുറത്തുവന്നത്.
ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ സ്ഫോടനം ആസൂത്രണം ചെയ്തെന്ന കേസിൽ 2009 ൽ യുഎസിൽ പിടിയിലായ ഹെഡ്ലി, റാണയുടെ പങ്കിനെക്കുറിച്ച് മുംബൈയിലെ വിചാരണക്കോടതി മുന്പാകെ മൊഴി നൽകി. ഹെഡ്ലിക്ക് മുംബൈയിൽ എത്തുന്നതിനുള്ള വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ കനേഡിയൻ കന്പനിയാണെന്ന് കണ്ടെത്തിയിരുന്നു.
റാണയുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും റാണ കനേഡിയൻ പൗരനാണെന്നും പാക്കിസ്ഥാൻ.
1961ൽ ജനിച്ച റാണ പാക്കിസ്ഥാൻ ആർമി മെഡിക്കൽ കോറിൽ ജോലി ചെയ്തിരുന്നെങ്കിലും 1990കളിൽ കാനഡയിലേക്കു കുടിയേറി. പിന്നീട് കനേഡിയൻ പൗരത്വം ലഭിച്ച റാണ രണ്ടു പതിറ്റാണ്ടായി പാക്കിസ്ഥാനിലെ രേഖകൾ പുതുക്കിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് ഷഫ്ഖത് അലി ഖാൻ വിശദീകരിച്ചു.