വഖഫ്: കേന്ദ്രവിരുദ്ധ പ്രക്ഷോഭം അക്രമാസക്തം; ബംഗാളിൽ മൂന്നുപേർ കൊല്ലപ്പെട്ടു
Sunday, April 13, 2025 2:17 AM IST
കോല്‍ക്കത്ത: വഖഫ് നിയമഭേദഗതിക്കെതിരേ പശ്ചിമബംഗാളില്‍ തുടരുന്ന പ്രക്ഷോഭത്തിനിടെ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദിലെ സംസര്ഗഞ്ചിലുള്ള ജഫാറാബാദിൽ അച്ഛനും മകനും കൊല്ലപ്പെട്ടതുൾപ്പെടെ മൂന്നു വിലപ്പെട്ട ജീവനുകളാണ് കലാപത്തിൽ നഷ്ടമായത്.
ശരീരമാസകലം കുത്തേറ്റ നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങൾ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. പ്രക്ഷോഭം അതിശക്തമായ സംസര്‍ഗഞ്ചിലെ ധൂലിയനില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ മറ്റൊരാളുടെ മൃതദേഹവും കണ്ടെത്തി.
നിരവധി പേർക്കാണ് അക്രമങ്ങളിൽ പരിക്കേറ്റത്. പ്രക്ഷോഭകരുടെ ആക്രമണത്തില്‍ പോലീസുകാര്‍ക്കുള്‍പ്പെടെ പരിക്കേല്‍ക്കുകയും ചെയ്തു. പലയിടത്തും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
സ്റ്റുതി, സംസര്‍ഗഞ്ച് എന്നിവിടങ്ങളില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. റെയില്‍വേ ട്രാക്കുകള്‍ സമരക്കാര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മാല്‍ഡ, സൗത്ത് 24 പര്‍ഗനാസ്, ഹൂഗ്ലി ജില്ലകളിലും പലയിടത്തും കലാപസമാനമായ അന്തരീക്ഷമാണ്. അക്രമികൾ ട്രെയിൻ തടഞ്ഞതിനെത്തുടർന്ന് കിഴക്കൻ റെയിൽവേയുടെ കീഴിൽ ആറു മണിക്കൂറോളം ഗതാഗത തടസമുണ്ടായി.
അതിനിടെ, വഖഫ് ഭേദഗതി ബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത പറഞ്ഞു. മുര്‍ഷിദാബാദ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ബില്ലിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സര്‍ക്കാര്‍ നേരിടുമെന്നും ചില രാഷ്ട്രീയകക്ഷികള്‍ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും മമത കുറ്റപ്പെടുത്തി.
കലാപത്തിനു പ്രേരിപ്പിക്കുന്നവര്ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഒരു അക്രമത്തെയും അംഗീകരിക്കുന്നില്ല. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണെന്നും മമത പറഞ്ഞു.
മുര്‍ഷിദാബാദിലെ പ്രശ്നങ്ങളില്‍ മമത മൗനം പാലിക്കുന്നുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി നേരത്തെ വിമർശിച്ചിരുന്നു.
സര്‍ക്കാരിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്നും അധികാരി കുറ്റപ്പെടുത്തിയിരുന്നു. റെയിൽവേ വസ്തുവകകൾ നശിപ്പിച്ചവർക്കെതിരേയുള്ള കേസുകൾ എൻഐഎ അന്വേഷിക്കണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകുകയും ചെയ്തു.
കേന്ദ്രസേനയെ വിന്യസിക്കണം: കൽക്കട്ട ഹൈക്കോടതി
കൊൽക്കത്ത: മുർഷിദാബാദിൽ കേന്ദ്രസേന സായുധസേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി നിർദേശം. സംസ്ഥാന ഭരണകൂടവുമായി ഏകോപിച്ചായിരിക്കണം കേന്ദ്രസേനയുടെ പ്രവർത്തനമെന്നും ജസ്റ്റീസ് സുമെൻ സെൻ അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു.
പശ്ചിമബംഗാളിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിൽ ചീഫ് ജസ്റ്റീസിന്റെ നിർദേശപ്രകാരമാണ് രണ്ടംഗബഞ്ച് അടിയന്തര വാദം കേട്ടത്. ഏഴ് കന്പനി ബിഎസ്എഫിനെ ഇതിനകം വിന്യസിച്ചിട്ടുണ്ട്.