“ജനങ്ങൾക്കും മൗലികാവകാശമുണ്ട് ”; ഇഡിയോട് സുപ്രീംകോടതി
Saturday, April 12, 2025 2:28 AM IST
ന്യൂഡൽഹി: ജനങ്ങളുടെ മൗലികാവകാശങ്ങളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചിന്തിക്കണമെന്നു സുപ്രീംകോടതി. ഛത്തീസ്ഗഡിലെ കോടതിയിൽ നടക്കുന്ന അഴിമതിക്കേസ് ഡൽഹിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി നിരസിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
ഭരണഘടനയുടെ ആർട്ടിക്കിൾ 32 ഇഡി ഉപയോഗിക്കുന്നതിനെയും ജസ്റ്റീസുമാരായ അഭയ് എസ്. ഓക്കയും ഉജ്ജൽ ഭുയാനും അടങ്ങിയ ബെഞ്ച് ചോദ്യം ചെയ്തു. മൗലികാവകാശ ലംഘനങ്ങൾക്കു പരിഹാരം തേടി പൗരന്മാർക്കുവേണ്ടി ഈ ആർട്ടിക്കിൾ നീക്കിവച്ചിരിക്കുന്നു. എന്തുകൊണ്ട് അന്വേഷണ ഏജൻസി ഇത് ഉപയോഗിക്കുന്നുവെന്ന് കോടതി ചോദിച്ചു.
പൊതുവിതരണ സംവിധാനത്തിലെ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട ഛത്തീസ്ഗഡിലെ നാഗരിക് അപൂർവി നിഗം (എൻഎഎൻ) അഴിമതിക്കേസ് ഡൽഹിയിലേക്കു മാറ്റണമെന്നായിരുന്നു ഇഡിയുടെ ആവശ്യം.