നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷൻ
Saturday, April 12, 2025 2:28 AM IST
ചെന്നൈ: നൈനാർ നാഗേന്ദ്രൻ തമിഴ്നാട് ബിജെപി അധ്യക്ഷനാകും. കെ. അണ്ണാമലൈയുടെ പിൻഗാമിയായാണ് തിരുനെൽവേലി എംഎൽഎ നാഗേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത്. അണ്ണാമലൈക്ക് ദേശീയ നേതൃത്വത്തിൽ പദവി നല്കുമെന്ന് അമിത് ഷാ പറഞ്ഞു.
പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് നാഗേന്ദ്രൻ മാത്രമാണു പത്രിക സമർപ്പിച്ചത്. നിലവിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റാണ്. കെ. അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ. മുരുകൻ, മുൻ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ, മഹിള മോർച്ച പ്രസിഡന്റും എംഎൽഎയുമായ വനതി ശ്രീനിവാസൻ എന്നിവരാണ് നാഗേന്ദ്രന്റെ പേര് നിർദേശിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
ബിജെപി നിയമസഭാകക്ഷി നേതാവായ നാഗേന്ദ്രൻ മുന്പ് അണ്ണാ ഡിഎംകെയിലായിരുന്നു. 2017ലാണ് ബിജെപിയിൽ ചേർന്നത്. തേവർ സമുദായംഗമാണെന്നതും നാഗേന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാൻ കാരണമായി.