10,000 കോടി രൂപയുടെ ഇഎൽഐ പദ്ധതി എവിടെ മറഞ്ഞുവെന്ന് മോദിയോട് രാഹുൽ
Saturday, April 12, 2025 2:28 AM IST
ന്യൂഡൽഹി: എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് (ഇഎൽഐ) പദ്ധതി നടപ്പിലാക്കാത്തതിനെതിരേ മോദിസർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
യുവജനങ്ങൾക്കു തൊഴിൽ വാഗ്ദാനം ചെയ്യുന്ന പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു വർഷമായെന്നും എന്നാൽ ഇതുവരെയും നടപ്പിലാക്കാത്തത് തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എത്രത്തോളം ഗൗരവമില്ലാതെയാണ് കാണുന്നുവെന്നത് ചൂണ്ടിക്കാട്ടുന്നുവെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ വിമർശിച്ചു.
സ്വകാര്യമേഖലയിലെ തൊഴിൽമേഖലയ്ക്കു പ്രോത്സാഹനം നൽകാനുള്ള പ്രധാനമന്ത്രി പാക്കേജിനു കീഴിലായിരുന്നു 2024-25ലെ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ ഇഎൽഐ പദ്ധതി അവതരിപ്പിച്ചത്.
സ്വകാര്യമേഖലയിൽ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും അധികജീവനക്കാരെ നിയമിക്കുന്ന തൊഴിലുടമകൾക്കും വേതനവും ഇൻസെന്റീവുകളും നൽകുന്ന പദ്ധതിയായിരുന്നു എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി.
രണ്ടുവർഷ കാലയളവിനുള്ളിൽ രണ്ടു കോടിയിലധികം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുകയെന്നതായിരുന്നു ഇഎൽഐ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ, പദ്ധതി ഒരാൾക്കുപോലും ഉപകാരപ്പെട്ടില്ലെന്നും പദ്ധതിക്കായി അനുവദിച്ച തുക തിരികെ നൽകേണ്ടിവന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
വലിയ കോർപറേറ്റുകളിൽ മാത്രം ശ്രദ്ധയൂന്നിയും നീതിയുക്ത വ്യാപാരങ്ങൾക്കു പകരം സുഹൃത്തുക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഉത്പാദനത്തിനു പകരം സംയോജനത്തിന് പരിഗണന നൽകിയും ഇന്ത്യയുടെ തദ്ദേശീയ വൈദഗ്ധ്യത്തെ അവഗണിച്ചുകൊണ്ടും തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിൽ (എംഎസ്എംഇ) വലിയ അളവിലുള്ള നിക്ഷേപങ്ങൾ നടത്തിയും തദ്ദേശീയ ഉത്പാദനശൃംഖലകൾക്കു പിന്തുണ നൽകിയും നമ്മുടെ യുവത്വത്തിനു ശരിയായ വൈദഗ്ധ്യം നൽകാൻ കഴിഞ്ഞെങ്കിലും മാത്രമേ തൊഴിലുകൾ സൃഷ്ടിക്കാൻ കഴിയൂവെന്നും രാഹുൽ കൂട്ടിച്ചേർത്തു.