മഹാരാഷ്ട്രയിലെ തട്ടിപ്പ് കണ്ടെത്തുമെന്ന് ഖാർഗെ
Thursday, April 10, 2025 1:37 AM IST
അഹമ്മദാബാദ്: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലുള്ള ഒരു തട്ടിപ്പ് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണത്. ഞങ്ങളതു കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഹമ്മദാബാദിലെ സബർമതി നദീതീരത്തു നടന്ന 86-ാമത് എഐസിസി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളൻ എപ്പോഴും പിടിക്കപ്പെടും. ഞങ്ങളുടെ അഭിഭാഷകരും നേതാക്കളും അതിനായി പ്രവർത്തിക്കുന്നു.
മഹാരാഷ്ട്രയിൽ എന്താണു സംഭവിച്ചത്? ഞങ്ങൾ എല്ലായിടത്തും ഈ വിഷയം ഉന്നയിച്ചു. രാഹുൽ ഗാന്ധി ഇക്കാര്യം ശക്തമായി ഉന്നയിച്ചു. ഏതുതരം വോട്ടർ പട്ടികയാണ് അവർ ഉണ്ടാക്കിയത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരു തട്ടിപ്പായിരുന്നു. ഹരിയാനയിലും അതുതന്നെ സംഭവിച്ചു- കോണ്ഗ്രസ് പ്രസിഡന്റ് പറഞ്ഞു.
ലോകം മുഴുവൻ വോട്ടിംഗ് യന്ത്രങ്ങളിൽ (ഇവിഎം) നിന്നു ബാലറ്റ് പേപ്പറിലേക്കു മാറുകയാണ്.
പക്ഷേ ഇന്ത്യയിൽ ഇപ്പോഴും വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇതെല്ലാം തട്ടിപ്പാണെന്നും ഖാർഗെ പറഞ്ഞു.