സബർമതി തീരത്ത് കോണ്‍ഗ്രസ് പുനരുജ്ജീവിക്കുമെന്ന് ശശി തരൂർ
Thursday, April 10, 2025 1:37 AM IST
അഹമ്മദാബാദ്: സബർമതിയുടെ തീരത്തുനിന്ന് കോണ്‍ഗ്രസ് പാർട്ടിയുടെ പുനരുജ്ജീവനത്തിന്റെ സൂചനയാണു നൽകുന്നതെന്ന് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ. നിഷേധാത്മകതയിലൂടെയല്ല, സൃഷ്ടിപരമായ വിമർശനത്തിലൂടെ മാത്രമേ കോണ്‍ഗ്രസിനു നഷ്ടപ്രതാപം വീണ്ടെടുക്കാനാകൂ.
കോണ്‍ഗ്രസ് പ്രതീക്ഷയുടെയും ഭാവിയുടെയും പാർട്ടിയായിരിക്കണം, നീരസത്തിന്റെയോ നെഗറ്റീവ് വിമർശനങ്ങളുടെയോ ഗൃഹാതുരത്വത്തിന്റെയോ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കൾ ഇന്ന് അവർക്കായി എന്തുചെയ്യുമെന്ന് അറിയാൻ ആഗ്രഹിക്കുന്നു. നെഗറ്റീവ് വിമർശനം മാത്രമല്ല, പോസിറ്റീവ് ആഖ്യാനം ഉണ്ടാകണം. ഭൂതകാലത്തിനുവേണ്ടിയല്ല കോണ്‍ഗ്രസെന്നും തരൂർ പറഞ്ഞു.
എഐസിസി സമ്മേളനത്തിൽ സച്ചിൻ പൈലറ്റ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തെ പിന്താങ്ങി ഇംഗ്ലീഷും ഹിന്ദിയും മലയാളവും ചേർത്തുള്ള ത്രിഭാഷാ ശൈലിയിലായിരുന്നു തരൂരിന്റെ ഇന്നലത്തെ പ്രസംഗം.
മഹാത്മാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികവും സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികവും ആഘോഷിക്കുന്പോഴും മൂന്നു പതിറ്റാണ്ടുകളായി ഗുജറാത്തിൽ കോണ്‍ഗ്രസ് അധികാരത്തിൽനിന്നു പുറത്താണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ശക്തി ഇരട്ടിയാക്കി. പക്ഷേ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികൾ നേരിട്ടു. 2009 മുതൽ നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കണം. നിഷേധാത്മകത വെടിഞ്ഞു സൃഷ്ടിപരമായ വിമർശനങ്ങളാണ് ഇതിനു വേണ്ടത്. ഗുജറാത്തിലെ എഐസിസി സമ്മേളനം വഴിത്തിരിവായിരിക്കണം.
എല്ലാ ഇന്ത്യക്കാരുടെയും ക്ഷേമത്തിൽ വേരൂന്നിയ ദേശീയതയാണു കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തിൽ ഊന്നിപ്പറയുന്നത്. സാമൂഹികനീതിക്കും ഉൾക്കൊള്ളലിനുമുള്ള പ്രതിബദ്ധതയാണു കോണ്‍ഗ്രസിന്റേത്. ഭരണഘടന വിഭാവനം ചെയ്ത വൈവിധ്യമാർന്ന മതങ്ങൾ, ഭാഷകൾ, പ്രദേശങ്ങൾ, ജാതികൾ എന്നിവരെയെല്ലാം പാർട്ടി സേവിക്കുന്നു.
“ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം; കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരന്പുകളിൽ’’ എന്ന കവി വള്ളത്തോളിന്റെ കവിത മലയാളത്തിൽ ചൊല്ലിയാണു തരൂർ തന്റെ അഭിപ്രായം സമർഥിച്ചത്.
നമ്മുടെ സംസ്ഥാനങ്ങളെക്കുറിച്ചുള്ള അഭിമാനം എന്നാൽ നമ്മുടെ ദേശീയ കടമകൾ അവഗണിക്കുക എന്നല്ല.
ചിലർ വടക്കും തെക്കും വിഭജിക്കാൻ ശ്രമിക്കുന്പോൾ, ഒരു ദക്ഷിണേന്ത്യക്കാരൻ എന്നനിലയിൽ, ഇന്ത്യയെ ഒന്നിപ്പിക്കുക എന്നതു പൊതുവായ ഉത്തരവാദിത്വമാണ്.
വെറുപ്പ് ഉപേക്ഷിക്കൂ, ഇന്ത്യയെ ഒന്നിപ്പിക്കൂ. നമ്മൾ എവിടെനിന്നായാലും ഐക്യമാണ് നമ്മുടെ ദൗത്യം- തരൂർ കൂട്ടിച്ചേർത്തു.