സിപിഎമ്മിനെ വിട്ട് ബിജെപിക്കെതിരേ കേരള നേതാക്കൾ
Thursday, April 10, 2025 1:37 AM IST
അഹമ്മദാബാദ്: എഐസിസി സമ്മേളനത്തിൽ പതിവുവിട്ട് സിപിഎമ്മിനെയും എൽഡിഎഫിനെയും കടന്നാക്രമിക്കാതെ ബിജെപിക്കെതിരേ കേരള നേതാക്കളുടെ രൂക്ഷ വിമർശനം.
കെ.സി. വേണുഗോപാൽ, ശശി തരൂർ, ഷാഫി പറന്പിൽ, എം. ലിജു, റോജി എം. ജോണ്‍ എന്നിവരിലാരും ഇടതുപാർട്ടികളെയോ കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെയോ വിമർശിച്ചില്ല. എന്നാൽ ബിജെപിയുടെ വർഗീയ, വിഭാഗീയ രാഷ്ട്രീയത്തെ എല്ലാവരും കടുത്ത ഭാഷയിലാണ് ആക്രമിച്ചത്.
മലയാളികളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, കെ. സുധാകരൻ, എം.കെ. രാഘവൻ എന്നിവർക്കു വേദിയിലായിരുന്നു ഇരിപ്പിടം. എല്ലാ എംപിമാർക്കും പുറമെ യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, നേതാക്കളായ കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, എ.പി. അനിൽകുമാർ, അനിൽ അക്കര, ഷാനിമോൾ ഉസ്മാൻ, പാലോട് രവി, വി.എസ്. ശിവകുമാർ, അനിൽ ബോസ്, നെയ്യാറ്റിൻകര സനൽ, ബിന്ദു കൃഷ്ണ, ജയലക്ഷ്മി, മാത്യു ആന്റണി തുടങ്ങി നൂറോളം പേർ കേരളത്തിൽനിന്നു സമ്മേളനത്തിനെത്തി.