തമിഴ് ഭാഷാ പോരാളി കുമരി അനന്തൻ അന്തരിച്ചു
Thursday, April 10, 2025 1:37 AM IST
ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും വാഗ്മിയുമായ കുമരി അനന്തൻ (92) അന്തരിച്ചു. ഇന്നലെ പുലർച്ചെ 12.15നായിരുന്നു അന്ത്യം.
മുൻ തമിഴ്നാട് കോൺഗ്രസ് അധ്യക്ഷനാണു കുമരി അനന്തൻ. മുതിർന്ന ബിജെപി നേതാവും തെലുങ്കാന ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദര്യരാജൻ കുമരി അനന്തന്റെ മകളാണ്.
മദ്യനിരോധനത്തിനായി പോരാടിയ നേതാവുകൂടിയാണ് അനന്തൻ. കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരത്താണ് ജനനം. കന്യാകുമാരി ജില്ലയെ പ്രതിനിധികരിച്ചാണ് പേരിൽ കുമരിയെ കൂടെക്കൂട്ടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഡിഎംകെ നേതാവ് വൈകോയും അനന്തന്റെ നിര്യാണത്തിൽ അനുശോചിച്ചു.
പാർലമെന്റിൽ തമിഴിൽ സംസാരിക്കാനുള്ള അവകാശം നേടിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് അനന്തനെന്ന് സ്റ്റാലിൻ അനുസ്മരിച്ചു. അനന്തന്റെ നിര്യാണത്തിൽ തമിഴ്നാട് നിയമസഭ അനുശോചിച്ചു.