തൊഴിൽ തർക്കങ്ങളിൽ കോടതിയുടെ പരിധി നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്: സുപ്രീംകോടതി
Thursday, April 10, 2025 1:37 AM IST
ന്യൂഡൽഹി: തൊഴിൽ തർക്കങ്ങൾ ഒരു നിശ്ചിത കോടതിയുടെ പരിധിയിൽ പരിഗണിക്കപ്പെടുമെന്ന് നിയമനക്കത്തിൽ വ്യക്തമാക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടെന്നു സുപ്രീംകോടതി.
നിയമനടപടിക്കുള്ള അവകാശങ്ങൾ തൊഴിലുടമയ്ക്കും തൊഴിലാളിക്കുമുണ്ട്. ഏതെങ്കിലും ഒരു നിബന്ധനവഴി ഇതു റദ്ദാക്കാൻ കഴിയില്ല. നിയമനക്കത്ത് നിയമപരമായ രേഖയാണെന്നും ജസ്റ്റീസുമാരായ ദീപങ്കർ ദത്തയും മൻമോഹനും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ബാങ്ക് ജീവനക്കാരായ രണ്ടുപേർ സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ജീവനക്കാർക്ക് ബാങ്ക് നൽകിയ നിയമനക്കത്തിൽ ജോലിസംബന്ധമായ ഏതൊരു തർക്കവും മുംബൈയിലെ കോടതിയിലായിരിക്കുമെന്ന് പരാമർശിച്ചിരുന്നു.
എന്നാൽ തിരിമറിയുടെ പേരിൽ ഇരുവരെയും ബാങ്ക് പിരിച്ചുവിട്ടപ്പോൾ പാറ്റ്നയിലെയും ഡൽഹിയിലെയും ഹൈക്കോടതികളിലാണ് ഇരുവരും ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്തത്. ഹൈക്കോടതി ഉത്തരവ് എതിരായതിനെത്തുടർന്ന് ജീവനക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.