തിരിച്ചറിയൽ കാർഡുകൾ കൈവശം കരുതേണ്ട; പുതിയ ആധാർ ആപ്പുമായി കേന്ദ്രം
Thursday, April 10, 2025 1:37 AM IST
ന്യൂഡൽഹി: ആധാർ കൂടുതൽ പ്രാപ്യവും സുരക്ഷിതവുമായി മാറ്റുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി പുതിയ ആധാർ ആപ്പ് വികസിപ്പിച്ചെടുത്തു കേന്ദ്രം.
മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്ക് ചെയ്യാൻ കഴിയുന്ന ഫേസ് ഐഡി ഓഥന്റിക്കേഷനും നിർമിതബുദ്ധിയും സമന്വയിപ്പിച്ച് ഡിജിറ്റൽ ആധാർ സേവനങ്ങൾ മൊബൈലിലൂടെ ലഭ്യമാക്കുന്നതാണ് പുതിയ ആപ്ലിക്കേഷൻ. യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ചു കേന്ദ്രം നിർമിച്ച ആപ്പ് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തിറക്കി.
ആപ്പ് നിലവിൽ പരീക്ഷണഘട്ടത്തിലായതിനാൽ തെരഞ്ഞെടുക്കപ്പെട്ട നിശ്ചിത ആളുകൾക്കു മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നും അധികം വൈകാതെ പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സ്മാർട്ട് ഫോണുള്ളവർക്ക് ഫേസ് ഐഡിയിലൂടെയോ ക്യൂആർ സ്കാനിംഗിലൂടെയോ പുതിയ ആപ്പിലൂടെ ആധാർ വെരിഫിക്കേഷൻ നടത്താം. ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും മറ്റും തിരിച്ചറിയൽ രേഖകളായി ആധാർകാർഡുകൾ സമർപ്പിക്കേണ്ട ആവശ്യകത വരുന്പോൾ ഇനിമുതൽ ആധാർ കാർഡുകളോ അതിന്റെ ഫോട്ടോകോപ്പികളോ നൽകാതെ ആപ്പിലൂടെത്തന്നെ തിരിച്ചറിയൽ രേഖകൾ ഓണ്‍ലൈനായി നൽകാൻ കഴിയും.
ഹോട്ടലുകളിലെ ക്യൂആർ കോഡുകൾ ആപ്പിൽ സ്കാൻ ചെയ്തു നമ്മുടെ സ്മാർട്ട്ഫോണിൽ നമ്മുടെ മുഖം സ്കാൻ ചെയ്തു ഫേസ് ഓഥന്റിക്കേഷൻ പൂർത്തീകരിച്ചുകഴിഞ്ഞാൽ നമ്മുടെ ആധാർവിവരങ്ങൾ ഹോട്ടലുകാർക്ക് ലഭിക്കും. പുതിയ ആപ്പ് ഡാറ്റാസംരക്ഷണം ഉറപ്പാക്കുന്നുവെന്നും 100 ശതമാനം സുരക്ഷിതമാണെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.