വഖഫിൽ കത്തിയ മുർഷിദാബാദ് സാധാരണ നിലയിലേക്ക്
Thursday, April 10, 2025 1:37 AM IST
കോൽക്കത്ത: വഖഫ് നിയമത്തിനെതിരേ ശക്തമായ പ്രതിഷേധം നടന്ന പശ്ചിമബംഗാളിലെ മുർഷിദാബാദ് സാധാരണ നിലയിലേക്ക്. ജില്ലയിൽ ഒരിടത്തും ഇന്നലെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നു പോലീസ് അറിയിച്ചു. ജില്ലയിലെ സംഘർഷമേഖലകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചു.
രഘുനാഥ്ഗഞ്ച്, സുതി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജംഗിപുർ സബ് ഡിവിഷനു കീഴിലുള്ള പ്രദേശങ്ങളിലെ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. നിരോധനാജ്ഞ ഇന്ന് വൈകുന്നേരം ആറുവരെ തുടരും; ഇന്റർനെറ്റ് നിരോധനം വെള്ളിയാഴ്ച വൈകുന്നേരംവരെയും.
ചൊവ്വാഴ്ച പ്രതിഷേധക്കാർ ജംഗിപുരിലെ ഉമർപൂർ ക്രോസിംഗ് തടഞ്ഞതോടെ ദേശീയ പാത 12ൽ ഗതാഗതം തടസപ്പെട്ടു. പ്രതിഷേധക്കാരെ നീക്കാനുള്ള പോലീസ് ശ്രമം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലെറിഞ്ഞു. പോലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി.