മംഗളൂരുവിൽ ബൈക്കപകടം: വിദ്യാർഥികളുടെ സംസ്കാരം നടത്തി
Thursday, April 10, 2025 1:37 AM IST
മംഗളൂരു: ദേശീയപാത 66-ൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് മരിച്ച മലയാളി കോളജ് വിദ്യാർഥികളുടെ സംസ്കാരം നടത്തി.
ചൊവ്വാഴ്ച പുലർച്ചെ മംഗളൂരു എസ്കെഎസ് ജംഗ്ഷനിലുണ്ടായ അപകടത്തിലാണ് പിണറായി പാറപ്രം കീർത്തനയിൽ ടി.എം. സങ്കീർത്ത് (23), കയ്യൂർ പലോത്ത് കൈപ്പക്കുളത്തിൽ സി. ധനുർവേദ് (20) എന്നിവരാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം ആറളിമൂട് പത്താംകല്ല് ഉപാസനയിൽ സിബി സാം കഴുത്തിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ലോഹിത് നഗറിലെ താമസസ്ഥലത്തു നിന്ന് പന്പുവെല്ലിൽ ചായ കുടിക്കാൻ പോകുന്പോഴായിരുന്നു അപകടം. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു.
കണ്ണൂർ എകെജി ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും ശ്രീജിത്തിന്റെയും മകനാണ് സങ്കീർത്ത്. മംഗളൂരു എജെ ഡെന്റൽ കോളജ് വിദ്യാർഥിയാണ്. സഹോദരൻ: ശ്രീകീർത്ത് (എൻജിനിയറിംഗ് വിദ്യാർഥി, കോയന്പത്തൂർ). കയ്യൂർ പലോത്ത് കെ. ബാബു-രമ ദന്പതികളുടെ മകനാണ് ധനുർവേദ്. മംഗളൂരു ശ്രീനിവാസ കോളജ് ഹോസ്പിറ്റൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. സഹോദരൻ: യഥുർനാഥ്.