നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് വീറ്റോ അധികാരമില്ലെന്ന് സുപ്രീംകോടതി
Wednesday, April 9, 2025 2:41 AM IST
സനു സിറിയക്
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള അധികാരം ഗവർണർമാർക്ക് ഭരണഘടന നൽകുന്നില്ലെന്ന് സുപ്രീംകോടതി.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് ഗവർണർക്ക് പരമാവധി മൂന്നു മാസത്തെ സമയപരിധിയും കോടതി നിശ്ചയിച്ചു. നിയമസഭ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുകയാണെങ്കിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണം.
ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കുകയോ പുനഃപരിശോധനയ്ക്കായി നിയമസഭയ്ക്ക് തിരിച്ചയയ്ക്കുകയോ ചെയ്യുകയാണെങ്കിൽ മൂന്നു മാസത്തിനുള്ളിൽ നടപ്പാക്കണം. നിയമസഭ പുനഃപരിശോധന നടത്തിയശേഷം ബിൽ ഗവർണർക്ക് വീണ്ടും അയച്ചാൽ ഒരു മാസത്തിനുള്ളിൽ അനുമതി നൽകണമെന്നും കോടതി നിർദേശിച്ചു. നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്നും സുപ്രീംകോടതി നിർണായക വിധിയിലൂടെ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭ പാസാക്കിയ 11 ബില്ലുകൾ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവച്ച ഗവർണർ ആർ.എൻ. രവിയുടെ നടപടിക്കെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഗവർണർ തടഞ്ഞുവച്ച ബില്ലുകൾ പുനഃപരിശോധനയ്ക്കുശേഷം ഗവർണർക്ക് സമർപ്പിച്ച അന്നുമുതൽ പാസായതായി കണക്കാക്കുമെന്നും കോടതി ഉത്തരവിട്ടു.
ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഒരു ബില്ലിന് അംഗീകാരം നൽകുക, നിഷേധിക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റുക എന്നീ മൂന്ന് നടപടികൾ മാത്രമാണ് ഗവർണർക്കു സ്വീകരിക്കാൻ സാധിക്കുക.
ബില്ലിന് അനുമതി നിഷേധിച്ച് ഗവർണർ തന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി തിരിച്ചയച്ച ബിൽ പുനഃപരിശോധന നടത്തി നിയമസഭ വീണ്ടും പാസാക്കി തിരിച്ചയച്ചില്ലെങ്കിൽ അത് അസാധുവാകുമെന്നും കോടതി പറഞ്ഞു. എന്നാൽ, പുനഃപരിശോധ നടത്തിയശേഷം ഗവർണർക്കു സമർപ്പിച്ചാൽ ഒരു മാസത്തിനുള്ളിൽ ബില്ലിന് അംഗീകാരം നൽകണം.
ബില്ലിന് അനുമതി നിഷേധിച്ചാൽ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ എത്രയുംവേഗം പാലിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നും കോടതി കൂട്ടിച്ചേർത്തു.
സുപ്രീംകോടതി ഉത്തരവ് കേരളം, തമിഴ്നാട്, പഞ്ചാബ്, പശ്ചിമബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ ഗവർണർ-സർക്കാർ പോരിൽ നിർണായകമാണ്.
ആർ.എൻ. രവിയെ കുടഞ്ഞ് കോടതി
ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ രാഷ്ട്രീയകാരണങ്ങളാൽ ജനങ്ങളുടെ ഇഷ്ടം തകർക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ വ്യവസ്ഥാപിതമായ കീഴ് വഴക്കങ്ങളോടെ ഗവർണർ അർഹമായ ആദരവോടെ പ്രവർത്തിക്കണം. നിയമസഭയിലൂടെ പ്രകടിപ്പിക്കുന്ന ജനങ്ങളുടെ ഇച്ഛയെയും ജനങ്ങളോട് ഉത്തരവാദിത്വമുള്ള തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെയും ബഹുമാനിക്കണമെന്നും കോടതി വിധിന്യായത്തിൽ ഊന്നിപ്പറഞ്ഞു.
“ഒരു ഭരണഘടന എത്ര നല്ലതായാലും അതു പ്രാവർത്തികമാക്കുന്നതിൽ തെരഞ്ഞെടുക്കപ്പെടുന്നവർ മോശമായാൽ ഭരണഘടനയും മോശമാകും; ഒരു ഭരണഘടന എത്ര മോശമാണെങ്കിലും അതു പ്രാവർത്തികമാക്കാൻ വിളിക്കപ്പെടുന്നവർ നല്ലവരാണെങ്കിൽ അതു നല്ലതായി മാറിയേക്കാം” എന്ന ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറിന്റെ പ്രശസ്തമായ ഉദ്ധരണിയും ഗവർണറുടെ നടപടിയെ വിമർശിച്ചുകൊണ്ട് വിധിക്കൊപ്പം കോടതി കൂട്ടിച്ചേർത്തു.
ചരിത്രവിധി, എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം: സ്റ്റാലിൻ
ചെന്നൈ: നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർക്കെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടേതു ചരിത്രവിധിയാണെന്നും രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുകളുടെയും വിജയമാണ് ഇതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതികരിച്ചു.
തമിഴ്നാടിന്റെ നിയമപോരാട്ടം ഒരിക്കൽക്കൂടി രാജ്യത്തിനു മുഴുവൻ വെളിച്ചം പകർന്നിരിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പറഞ്ഞു. സുപ്രീംകോടതി വിധിയെ ഡിഎംകെ പ്രവർത്തകർ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.