"പാഴ്വാക്കുകൾക്കു പകരം വേണ്ടത് സാങ്കേതിക വളർച്ച' ; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
Sunday, February 16, 2025 2:06 AM IST
ന്യൂഡൽഹി: നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രധാനമന്ത്രി സ്ക്രീനിൽ നോക്കി പ്രസംഗങ്ങൾ നടത്തുന്പോൾ നമ്മുടെ എതിരാളികൾ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പാഴ്വാക്കുകൾക്കു പകരം സാങ്കേതികമേഖലയിൽ ഇന്ത്യക്ക് ശക്തമായ ദീർഘവീക്ഷണം വേണമെന്നും മോദിയെ വിമർശിച്ച് രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഇന്ത്യക്ക് അപാരമായ പ്രതിഭകളും വ്യാപ്തിയും ഊർജസ്വലതയുമുണ്ടെന്നും നമ്മുടെ യുവാക്കൾക്ക് തൊഴിലും രാജ്യത്തെ ഭാവിയിലേക്കു നയിക്കുന്നതിന് മികച്ച വ്യാവസായിക വൈദഗ്ധ്യം സൃഷ്ടിച്ചെടുക്കണമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
ശക്തമായ വ്യാവസായിക സംവിധാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിന് ഡ്രോണുകളുടെ വീഡിയോയും രാഹുൽ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ബാറ്ററികളും മോട്ടോറുകളും ലെൻസുകളും സമന്വയിപ്പിച്ച് യുദ്ധക്കളത്തിൽ അത്ഭുതപൂർവമായി ആശയവിനിമയം നടത്താൻ കഴിയുന്ന ഡ്രോണുകളിലൂടെ യുദ്ധരംഗത്തുതന്നെ വിപ്ലവം സൃഷ്ടിക്കാൻ സാധിച്ചു.
ശക്തമായ ഒരു വ്യാവസായിക സംവിധാനത്തിൽനിന്ന് ഉയർന്നു വന്ന നവീനമായ ആശയമാണ് ഡ്രോണുകൾ. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വീക്ഷണമില്ല. രാജ്യത്തിനു വേണ്ടത് പൊള്ളയായ വാക്കുകളല്ല, ഉത്പാദനരംഗത്ത് ശക്തമായ അടിത്തറയാണെന്നും രാഹുൽ പറഞ്ഞു.