കുടിയേറ്റക്കാരെ മാന്യമായി കൊണ്ടുവരണം: കെ.വി. തോമസ്
Friday, February 21, 2025 12:50 AM IST
ന്യൂഡൽഹി: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരെ മാന്യമായി തിരിച്ചുകൊണ്ടുവരുന്ന സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരള സർക്കാരിന്റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് നിവേദനം നൽകി.
അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മനുഷ്യത്വരഹിതമായാണ് തിരിച്ചയക്കുന്നത്. സിഖുകാരെ അവരുടെ തലപ്പാവും മറ്റ് ആചാര ഉപകരണങ്ങളും അഴിച്ചുവയ്പിച്ച് അപമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും കെ.വി. തോമസ് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തിരികെയെത്തുന്നവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാൻ പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്നും കെ.വി. തോമസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.