ഡൽഹിയിൽ മൂന്ന് എഎപി കൗണ്‍സിലർമാർ ബിജെപിയിൽ
Sunday, February 16, 2025 2:06 AM IST
ന്യൂഡൽഹി: നിയമസഭാതെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ആം ആദ്മി പാർട്ടിക്ക് വീണ്ടും തിരിച്ചടി നൽകി ഡൽഹിയിൽ മൂന്ന് എഎപി കൗണ്‍സിലർമാർ ബിജെപിയിൽ ചേർന്നു. അനിത ബസോയ, നിഖിൽ ചപ്രാന, ധരംവീർ എന്നീ കൗണ്‍സിലർമാരാണ് ബിജെപിയിലേക്കു ചാടിയത്.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യതലസ്ഥാനത്തെ മുനിസിപ്പൽ ഭരണംകൂടി കൈവശപ്പെടുത്താനാണു ബിജെപിയുടെ നീക്കം.
കേന്ദ്രത്തിലും നിയമസഭയിലും മുനിസിപ്പൽ കോർപറേഷനിലും ട്രിപ്പിൾ എൻജിൻ സർക്കാരുണ്ടാക്കി വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് ഡൽഹിയെ വികസിപ്പിക്കുമെന്ന് മൂവരെയും സ്വീകരിച്ചുകൊണ്ട് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.
ഏപ്രിലിലാണ് കോർപറേഷനിലെ മേയർ തെരഞ്ഞെടുപ്പ്. കഴിഞ്ഞവർഷം നവംബറിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ എഎപി മൂന്ന് വോട്ടുകൾക്കാണു ജയിച്ചത്. കൗണ്‍സിലർമാരെ കൂടാതെ ഏഴു ലോക്സഭാ എംപിമാർക്കും മൂന്നു രാജ്യസഭാ എംപിമാർക്കും നാമനിർദേശം ചെയ്യപ്പെടുന്ന 14 എംഎൽഎമാർക്കുമാണ് വോട്ടവകാശമുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിലും അധികാരത്തിൽ വന്നതോടെ വോട്ട് ചെയ്യുന്ന അംഗങ്ങളുടെ എണ്ണത്തിൽ ആധിപത്യമുള്ള ബിജെപിക്ക് നിലവിലെ സാഹചര്യത്തിൽ എളുപ്പത്തിൽ മേയർ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകും.