രാജീവ് കുമാർ പടിയിറങ്ങുന്നു; ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും
Wednesday, January 8, 2025 2:59 AM IST
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിൽനിന്നു വിരമിക്കാനൊരുങ്ങി രാജീവ് കുമാർ.
ഫെബ്രുവരി 18ന് രാജീവ് കുമാർ വിരമിക്കുന്നതോടെ നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർമാരിലൊരാളായ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായേക്കും. ഉത്തർപ്രദേശ് സ്വദേശിയായ ഗ്യാനേഷ് കുമാർ കഴിഞ്ഞ വർഷമാണു തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
വിരമിച്ചതിനുശേഷം ഹിമാലയത്തിൽ ധ്യാനത്തിനു പോകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള അവസാന വാർത്താസമ്മേളനത്തിൽ രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. 2019ൽ ജമ്മു കാഷ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി കേന്ദ്രം നീക്കം ചെയ്തപ്പോൾ ജമ്മു കാഷ്മീർ, ലഡാക്ക് ഡിവിഷൻ തലവനായിരുന്നു അദ്ദേഹം.
2020ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന സമയത്ത് അയോധ്യ വിഷയവും സുപ്രീംകോടതിയിലെ അനുബന്ധ ഹർജികളും കൈകാര്യം ചെയ്യുന്നതിന് മേൽനോട്ടം വഹിച്ചിരുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് 2007 മുതൽ 2012 വരെയുള്ള കാലയളവിൽ പ്രതിരോധമന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.