റോഡപകടത്തിൽ പരിക്കേൽക്കുന്നവർക്കുള്ള പണരഹിത ചികിത്സാ പദ്ധതി വ്യാപിപ്പിക്കുന്നു
Thursday, January 9, 2025 2:34 AM IST
ന്യൂഡൽഹി: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സാപദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് ഏഴു ദിവസത്തേക്ക് ഒന്നര ലക്ഷം രൂപ വരെയുള്ള ചികിത്സാച്ചെലവ് കേന്ദ്രസർക്കാർ വഹിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു.
അപകടമുണ്ടായി 24 മണിക്കൂറിനുള്ളിൽ പോലീസിനെ അറിയിക്കുകയാണെങ്കിൽ രാജ്യത്തെ ഏതു വിഭാഗത്തിലുള്ള റോഡിലും മോട്ടോർ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സാ പദ്ധതി ലഭ്യമാകും.
റോഡപകടങ്ങളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും ഗഡ്കരി അറിയിച്ചു. അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്നവർക്കുള്ള പാരിതോഷികം നിലവിലുള്ള 5000 രൂപയിൽനിന്ന് ഉയർത്താനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവയെ ഏകോപിപ്പിച്ച് ദേശീയ ആരോഗ്യ അഥോറിറ്റിയാണ് (എൻഎച്ച്എ) ചികിത്സാ പദ്ധതി നടപ്പിലാക്കുക. റോഡപകടങ്ങളിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ നൽകുന്ന പൈലറ്റ് പദ്ധതി കഴിഞ്ഞ വർഷം മാർച്ചിൽ ചണ്ഡിഗഡിൽ ആരംഭിച്ചിരുന്നു.
പൈലറ്റ് പദ്ധതി വിജയിച്ചതിനു പിന്നാലെ ആറു സംസ്ഥാനങ്ങളിലേക്കു പദ്ധതി വ്യാപിപ്പിച്ചിരുന്നു. പൈലറ്റ് പദ്ധതിയിലൂടെ വിവിധ സംസ്ഥാനങ്ങളിലെ 6840 ആളുകൾക്ക് സഹായം നൽകിയതായി കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി.
വിവിധ ശിപാർശകൾ പരിഗണിച്ചശേഷം പൈലറ്റ് പദ്ധതി ഈ വർഷം മാർച്ചോടെ അന്തിമരൂപത്തിലേക്ക് വികസിപ്പിച്ച് രാജ്യവ്യാപകമായി നടപ്പിലാക്കുമെന്നും കേന്ദ്രം അറിയിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഇ-ഡീറ്റൈൽഡ് ആക്സിഡന്റ് റിപ്പോർട്ട് (ഇഡിഎആർ) ആപ്ലിക്കേഷനും എൻഎച്ച്എയുടെ പണമിടപാടുകൾ ക്രമീകരിക്കുന്ന സംവിധാനവും സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.
ഡ്രൈവർമാർക്കുണ്ടാകുന്ന ക്ഷീണം മാരകമായ അപകടങ്ങൾക്കു കാരണമാകുന്നതിനാൽ വാണിജ്യ ഡ്രൈവർമാർക്ക് നിശ്ചിത മണിക്കൂർ ജോലി നടപ്പിലാക്കുന്ന പുതിയ നയത്തിന് രൂപം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
രാജ്യത്തു നിലവിൽ 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ട്. കേന്ദ്രസർക്കാരിന്റെ പ്രഥമ പരിഗണന സുരക്ഷിതത്വത്തിനാണെന്നു വ്യക്തമാക്കിയ ഗഡ്കരി, കഴിഞ്ഞ വർഷം മാത്രം 1.80 ലക്ഷം പേർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി. ഇതിൽ 30,000 പേരുടെ ജീവൻ ഹെൽമെറ്റ് ധരിക്കാത്തതിനാൽ നഷ്ടമായതാണ്.
അപകടങ്ങളിൽ 66 ശതമാനവും ഉണ്ടായത് 18നും 34നും ഇടയ്ക്കുള്ള യുവാക്കൾക്കാണ്. റോഡപകടങ്ങളെ പ്രതിരോധിക്കുന്നതിനായി ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് തടയാൻ ബസുകളിലും ട്രക്കുകളിലും മുന്നറിയിപ്പ് ശബ്ദം നൽകുന്ന സംവിധാനം കൊണ്ടുവരുമെന്നും ഗഡ്കരി പറഞ്ഞു. ഹെവി വാഹനങ്ങൾക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയും നടപ്പിലാക്കാൻ നീക്കമുണ്ട്.