പ്രണബ് മുഖര്‍ജി സ്മാരകത്തിന് സ്ഥലം അനുവദിച്ച് കേന്ദ്രം
Wednesday, January 8, 2025 2:59 AM IST
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിക്ക് സ്മൃതിമണ്ഡപം നിർമിക്കാൻ സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ.
രാജ്ഘട്ടിനു സമീപം രാഷ്ട്രീയ സ്മൃതിസ്ഥലിലാണു സ്ഥലം അനുവദിച്ചത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രണബ് മുഖര്‍ജിയുടെ മകൾ ശർമിഷ്ഠ മുഖർജിയെ അറിയിച്ചു.
തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശര്‍മിഷ്ഠ നന്ദി അറിയിച്ചു. സര്‍ക്കാരിന്റെ നടപടി മഹത്തരവും അപ്രതീക്ഷിതവുമാണെന്ന് ശര്‍മിഷ്ഠ പറഞ്ഞു. തങ്ങള്‍ ആവശ്യപ്പെടാതെതന്നെ താങ്കള്‍ എടുത്ത തീരുമാനത്തിന് വലിയ നന്ദിയെന്ന് ശര്‍മിഷ്ഠ എക്സില്‍ കുറിച്ചു.സ്മാരകം നിര്മിക്കുമെന്നറിയിച്ച് കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തും ശര്‍മിഷ്ഠ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
രാജ്യത്തിന്റെ 13-ാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജി 2020ലാണ് അന്തരിച്ചത്. 2012 മുതല്‍ 2017 വരെയുള്ള കാലയളവിലാണ് അദ്ദേഹം രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചത്. 2019ല്‍ ഭാരത് രത്ന നല്കി രാജ്യം ആദരിച്ചു.