ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ ശിപാര്‍ശ
Wednesday, January 8, 2025 2:59 AM IST
ന്യൂഡല്‍ഹി: പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസും മലയാളിയുമായ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാന്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശിപാര്‍ശ ചെയ്തു. മലയാളിയായ ജസ്റ്റീസ് സി.ടി. രവികുമാര്‍ വിരമിച്ച ഒഴിവിലാണു നിയമനം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി ചെയ്യവെ സായാഹ്ന പഠനത്തിലൂടെയാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ നിയമബിരുദം നേടിയത്. തുടര്‍ന്ന് ബാങ്ക് ജോലി രാജിവച്ച് അഭിഭാഷക വൃത്തിയിലേക്ക് കടന്നു. 1990ല്‍ അഭിഭാഷകനായി എൻറോള്‍ ചെയ്തു. 2011 നവംബര്‍ എട്ടിന് കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി.
2013 ജൂണ്‍ 24ന് സ്ഥിരം ജഡ്ജിയായി. 2023 മാർച്ച് 29ന് പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു. ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചതടക്കം ഒട്ടേറെ ശ്രദ്ധേയ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.