രാജ്യ തലസ്ഥാനം പോളിംഗ് ബൂത്തിലേക്ക്
Wednesday, January 8, 2025 2:59 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കും; വോട്ടെണ്ണൽ എട്ടിന്. മൂന്നാം വട്ടവും ഭരണത്തുടർച്ച നേടാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്പോൾ നീണ്ട 25 വർഷത്തെ ഇടവേളയ്ക്കുശേഷം ഭരണം പിടിക്കാനായി ബിജെപി പതിനെട്ടടവും പയറ്റുന്നു.
തുടർച്ചയായ 15 വർഷത്തെ ഷീലാ ദീക്ഷിത് സർക്കാരിനുശേഷം തകർന്നടിഞ്ഞ കോണ്ഗ്രസും തിരിച്ചുവരവ് മോഹിക്കുന്നു. ഇതോടെ ദേശീയതലസ്ഥാനത്തെ 70 അംഗ നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
ഒറ്റ ഘട്ടമായാണു ഡൽഹിയിൽ വോട്ടെടുപ്പെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടു ലക്ഷത്തിലധികം കന്നിവോട്ടർമാരും 71.74 ലക്ഷം സ്ത്രീകളും 83.49 ലക്ഷം പുരുഷന്മാരും ഉൾപ്പെടെ 1.55 കോടി വോട്ടർമാരാണു ഡൽഹിയിലുള്ളത്.
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനു തൊട്ടുപിന്നാലെയാണ് ഡൽഹി തെരഞ്ഞെടുപ്പ്. ബജറ്റിൽ ഡൽഹിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ പാടില്ലെന്ന് നിർദേശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ഈറോഡ്, ഉത്തർപ്രദേശിലെ മിൽകിപുർ എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി അഞ്ചിന് നടക്കും.
ഡൽഹിയിലെ 2,697 സ്ഥലങ്ങളിലായി മൊത്തം 13,033 പോളിംഗ് ബൂത്തുകളാണുള്ളത്. 70 ബൂത്തുകൾ പൂർണമായും വനിതാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും പ്രവർത്തിക്കുക.
2.08 ലക്ഷം കന്നി വോട്ടർമാരടക്കം 25.89 ലക്ഷം യുവവോട്ടർമാരുണ്ട്. 100 തികഞ്ഞ 830 പേരടക്കം 85 വയസിന് മുകളിലുള്ള 1.09 ലക്ഷം വോട്ടർമാരുമുണ്ട്. ഫെബ്രുവരി 23ന് കാലാവധി അവസാനിക്കുന്ന 70 അംഗ നിയമസഭയിൽ 12 എണ്ണം സംവരണ സീറ്റുകളാണ്.
2020ലെ തെരഞ്ഞെടുപ്പിൽ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി 70 സീറ്റിൽ 62ലും വിജയിച്ചു. ബിജെപി എട്ടു സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ കോണ്ഗ്രസ് വട്ടപ്പൂജ്യമായി.
നഗരവോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കുന്നതിനായാണ് ആഴ്ചയുടെ മധ്യദിവസമായ ബുധനാഴ്ച പോളിംഗ് നടത്തുന്നതെന്ന് രാജീവ് കുമാർ വിശദീകരിച്ചു. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടായിരുന്നു.
മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ 67.12 ശതമാനം പോളിംഗ് ശതമാനത്തിൽനിന്ന് കഴിഞ്ഞ തവണ 62.59 ശതമാനമായി പോളിംഗ് കുറഞ്ഞു. 2020ൽ ഫെബ്രുവരി എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്.
പത്രസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരും പങ്കെടുത്തു.