ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; ബില്ലുകൾ ജെപിസിക്ക്
Wednesday, December 18, 2024 1:45 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യമൊട്ടാകെ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനായുള്ള "ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പി’നുവേണ്ടി രണ്ടു ഭരണഘടനാ ഭേദഗതി ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. 198നെതിരേ 269 വോട്ടുകൾക്കാണു ബില്ലവതരണം സഭ അംഗീകരിച്ചത്.
വിശദ പഠനത്തിനും നിർദേശങ്ങൾക്കുമായി ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടുന്നതായി ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയെ അറിയിച്ചു. എന്നാൽ, 129-ാം ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം എൻഡിഎ സർക്കാരിനു ലഭിച്ചില്ല.
ലോക്സഭയുടെ കാലാവധിയുമായി ബന്ധിപ്പിച്ചുകൊണ്ട് എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധിയിലും പിരിച്ചുവിടലിലും മാറ്റങ്ങൾ നിർദേശിക്കുന്നതാണ് ആദ്യത്തെ 129-ാം ഭരണഘടനാ ഭേദഗതി ബിൽ.
ഡൽഹി, ജമ്മു കാഷ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിൽ സമാനമായ മാറ്റങ്ങൾ നിർദേശിക്കുന്നതാണ് രണ്ടാമത്തെ ബിൽ. ജെപിസി റിപ്പോർട്ടിനുശേഷമാകും ബില്ലുകളിന്മേൽ പാർലമെന്റിൽ ഇനി ചർച്ച നടക്കുക.
മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭ്യമായില്ലെങ്കിൽ ഈ ബില്ലുകൾ പാസാക്കാനും നടപ്പാക്കാനും എളുപ്പമാകില്ല. 2029ൽ നടപ്പാക്കുമെന്ന് ആദ്യം പറഞ്ഞ ഒരു രാജ്യം തെരഞ്ഞെടുപ്പ് 2034ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാക്കാൻ കഴിഞ്ഞേക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചും പിന്നീട് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളുമാണ് ബില്ലുകളുടെ ലക്ഷ്യം.
ഭരണഘടനയുടെ അടിസ്ഥാനഘടനയെ ബാധിക്കുന്നതും ജനാധിപത്യവിരുദ്ധവുമാണ് ബില്ലുകളെന്നു വാദിച്ച് പ്രതിപക്ഷം ബില്ലവതരണത്തെ എതിർത്തു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ ആണു ബില്ലുകൾ അവതരിപ്പിച്ചത്.
കോണ്ഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ, ഡിഎംകെ, എഎപി, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്, ആർഎസ്പി അടക്കമുള്ള പ്രതിപക്ഷം ഒറ്റക്കെട്ടായാണു ബില്ലുകളെ എതിർത്തത്. രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരാനും ഒരാളുടെ മാത്രം മോഹം സഫലീകരിക്കാനുമാണ് ബില്ലുകളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ, തെലുങ്കുദേശം പാർട്ടിയും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ബില്ലുകളെ അനുകൂലിച്ചതു സർക്കാരിന് ആശ്വാസമായി. ഒരുമിച്ച് തെരഞ്ഞെടുപ്പുകൾ നടത്തുന്നതിലൂടെ വികസിത ഇന്ത്യയെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുമെന്ന് മന്ത്രിമാരായ മേഘ്വാളും കിരണ് റിജിജുവും അഭിപ്രായപ്പെട്ടു.
ബില്ലവതരണത്തിന് മൂന്നിൽ രണ്ടു ഭൂരിപക്ഷം ആവശ്യമില്ലെന്നതിനാൽ സാങ്കേതികമായി സർക്കാരിനു തിരിച്ചടിയുണ്ടായില്ല. എന്നാൽ, ബില്ലുകൾ പാസാക്കാൻ ആവശ്യമായ പിന്തുണ സർക്കാരിനില്ലെന്ന് വോട്ടെടുപ്പിൽ തെളിഞ്ഞത് സർക്കാരിനു നേരിയ ക്ഷീണവും പ്രതിപക്ഷത്തിനു താത്കാലിക വിജയവുമായി.ബില്ലവതരണത്തെ എതിർത്ത പ്രതിപക്ഷം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വോട്ടെടുപ്പ് നടന്നത്.
വിപ്പ് നൽകിയിട്ടും ഹാജരായില്ല: 20 ബിജെപി എംപിമാർക്ക് നോട്ടീസ്
ന്യൂഡൽഹി: വിപ്പ് നൽകിയിട്ടും ലോക്സഭയിൽ ഇന്നലെ ഹാജരാകാതിരുന്ന എംപിമാർക്കു നോട്ടീസ് അയയ്ക്കാൻ ബിജെപി തീരുമാനിച്ചു. ഹാജരാകാതിരുന്ന എംപിമാർ വിശദീകരണം നൽകണമെന്ന നിലപാടിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി ദിവസങ്ങൾക്കുമുന്പ് ബിജെപി തങ്ങളുടെ എംപിമാർക്ക് മൂന്നു വരി വിപ്പ് നൽകിയിരുന്നു. എന്നാൽ ഇതു ലംഘിച്ച് 20 എംപിമാർ ഇന്നലെ ലോക്സഭയിൽ ഹാജരാകാതിരുന്നത് ബിജെപിക്കു വലിയ തിരിച്ചടിയായി.
എംപിമാരുടെ അഭാവത്തിലും 198നെതിരേ 269 വോട്ടുകൾക്ക് ബില്ലവതരണം സഭ അംഗീകരിച്ചു. 20 എംപിമാർ ഹാജരാകാതിരുന്നത് കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ വേണ്ടത്ര പിന്തുണയില്ലാത്തതിനു തെളിവാണെന്ന് കോണ്ഗ്രസ് ആരോപിച്ചു.