തെലുങ്കാന തുരങ്ക ദുരന്തം: ഒരു മൃതദേഹം കണ്ടെത്തി
Monday, March 10, 2025 2:26 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ നാഗർകർണൂലിൽ തുരങ്കം തകർന്നതിനെത്തുടർന്ന് കുടുങ്ങിയ എട്ട് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ഒരാളുടെ മൃതദേഹം രക്ഷാപ്രവർത്തകർ വീണ്ടെടുത്തത്. തുരങ്കത്തിനകത്ത് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽനിന്നു കണ്ടെത്തിയ മൃതദേഹം അഴുകിയനിലയിലാണ്.
പുറത്തെത്തിച്ച് നിയമപരമായ നടപടികൾക്കായി ആശുപത്രിയിലെത്തിക്കുകയാണ് അടുത്ത ദൗത്യമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നാഗർകർണൂലിലെ ശ്രീശൈലം ഇടതുകര കനാൽ (എസ്എൽബിസി) പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ രണ്ടാഴ്ച മുന്‍പായിരുന്നു അപകടം.
കേരള പോലീസിന്റെ കഡാവർ ഡോഗ് സ്ക്വാഡാണ് പ്രദേശത്തു മനുഷ്യസാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുകയായിരുന്നു. കഡാവർ ഡോഗ് സ്ക്വാഡ് നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ മറ്റൊരിടത്തും തെരച്ചിൽ നടത്തുന്നുണ്ട്. കൂടുതൽ പേർ ഈ മേഖലയിൽ ഉണ്ടെന്നാണു സൂചന.
രണ്ട് എൻജിനിയർമാരും രണ്ട് മെഷീൻ ഓപ്പറേറ്റർമാരും നാല് തൊഴിലാളികളുമാണ് തുരങ്കത്തിന്റെ 14 കിലോമീറ്ററോളം ഉള്ളിൽ കുടുങ്ങിയത്. ഉത്തര്‍പ്രദേശ്, ജമ്മുകാഷ്മീര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ് സ്വദേശികളാണിവര്‍.