വിദ്യാഭ്യാസ നയം, മണ്ഡല പുനർനിർണയം; തന്ത്രങ്ങൾ രൂപീകരിക്കാൻ നാളെ കോണ്ഗ്രസ് യോഗം
Sunday, March 9, 2025 1:58 AM IST
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനു മുന്പായി ദേശീയ വിദ്യാഭ്യാസ നയം (എൻഇപി), മണ്ഡല പുനർനിർണയം എന്നീ സുപ്രധാന വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടും തന്ത്രങ്ങളും രൂപീകരിക്കുന്നതിനായി കോണ്ഗ്രസ് നാളെ നിർണായക യോഗം ചേരും.
പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഇരുസഭകളിലെയും മുതിർന്ന നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. മണ്ഡല പുനർനിർണയ വിഷയത്തിൽ കോണ്ഗ്രസ് നേതൃത്വം സമിതി രൂപീകരിക്കുമെന്നും സൂചനയുണ്ട്.
എൻഇപിയിലും മണ്ഡല പുനർനിർണയത്തിലും കോണ്ഗ്രസ് പരസ്യമായ നിലപാട് വ്യക്തമായിട്ടില്ലെങ്കിലും പാർട്ടി ഭരിക്കുന്ന കർണാടകയിലെയും തെലുങ്കാനയിലെയും നേതാക്കൾ കേന്ദ്രനയങ്ങളിൽ എതിർപ്പറിയിച്ചിട്ടുണ്ട്.
നിർബന്ധിത ഹിന്ദി പഠനം, മണ്ഡല പുനർനിർണയം എന്നീ വിഷയങ്ങളിൽ കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്പോൾ വിഷയങ്ങളെ കോണ്ഗ്രസ് ജാഗ്രതയോടെയാണു സമീപിക്കുന്നത്.