കർണാടകയിലെ കൊപ്പലിൽ ഇസ്രേലി യുവതിയെയും ഹോം സ്റ്റേ ഉടമയെയും കൂട്ടബലാത്സംഗത്തിനിരയാക്കി
Sunday, March 9, 2025 1:58 AM IST
ബംഗളൂരു: കർണാടകയിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രേലി യുവതിയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും മൂന്നംഗ അക്രമിസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി.
കുറ്റകൃത്യത്തിനു മുന്‍പ് യുവതികൾക്കൊപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ അക്രമിസംഘം കനാലിലേക്ക് തള്ളിയിട്ടു. ഇതിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും ഒരാളെ കാണാതാകുകയും ഇന്നലെ രാവിലെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
കൊപ്പൽ ജില്ലയിലെ ഗംഗാവതി താലൂക്കിൽപ്പെട്ട സാനാപുരിൽ തുംഗഭദ്ര നദിയുടെ കനാൽ തീരത്ത് വ്യാഴാഴ്ച രാത്രിയിലായിരുന്നു രാജ്യത്തിനുതന്നെ നാണക്കേടായ സംഭവം. വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്ന ഒഡീഷ സ്വദേശി ബിഭാഷ് ആണു മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മല്ലേഷ്, സായ് ചേതൻ എന്നിവരെ അറസ്റ്റ് ചെയ്തതായി കൊപ്പൽ പോലീസ് അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം പോലീസ് ആറു സംഘങ്ങളായി തിരിഞ്ഞ് പ്രതികൾക്കായി വ്യാപക അന്വേഷണമാണു നടത്തിയത്.
വ്യാഴാഴ്ച രാത്രി 11.30ഓടെ നക്ഷത്ര നിരീക്ഷണത്തിനായാണ് വിനോദസഞ്ചാരികളുടെ സംഘം സനാപുരിലെ ഹോം സ്റ്റേ ഉടമയായ 29കാരിക്കൊപ്പം നദിക്കരയിലെത്തിയത്. 27കാരിയായ ഇസ്രേലി യുവതി, അമേരിക്കയില്‍നിന്നുള്ള ഡാനിയേല്‍, മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിഭാഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഈ സമയം ബൈക്കില്‍ ഇവിടെയെത്തിയ മൂന്നംഗസംഘം ഇവരോട് പെട്രോളും പണവും ആവശ്യപ്പെട്ടു. നല്കാൻ വിസമ്മതിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. അക്രമിസംഘം യുവാക്കളെ മർദിച്ച് കനാലിലേക്ക് തള്ളിയിട്ടതിനുശേഷം രണ്ടു യുവതികളെയും കൂട്ടബലാത്സംഗത്തിനിരയാക്കി.
അതിക്രമത്തിനിരയായ യുവതികൾ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കൂട്ട ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.